‘നഷ്ടമായത് പാർട്ടിയുടെ പോരാളിയെ, ഞെട്ടലുളവാക്കുന്ന വിയോഗം’; എ.കെ ആന്‍റണി

Jaihind Webdesk
Thursday, August 4, 2022

 

കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപവര്‍മ്മ തമ്പാന്‍റെ വിയോഗം ഞെട്ടലുളവാക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി. പാര്‍ട്ടിക്ക് വേണ്ടി മരിക്കാന്‍ വരെ തയാറുള്ള ഒരു പോരാളിയെയാണ് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നതായും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.

“വളരെ നടുക്കം ഉണ്ടാക്കുന്ന വാർത്ത. രണ്ട് ദിവസം മുമ്പും തമ്പാനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് തമ്പാന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. കെഎസ്‌യു കാലത്ത് പോലീസ് മർദ്ദനങ്ങളെല്ലാം സഹിച്ച് പോരാടി വന്ന നേതാവ്. കൊല്ലം ഡിസിസിക്കുണ്ടായ ഊർജസ്വലരായ പ്രസിഡന്‍റുമാരിൽ ഒരാൾ. ചാത്തന്നൂരിൽ എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ വികസനത്തിന് വേണ്ടി അഹോരാത്രം പണിയെടുത്തു. ജനപ്രിയനായ എംഎൽഎ. ആരോഗ്യ പ്രശ്‌നങ്ങൾ പോലും വകവെക്കാതെ പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ നിർവഹിക്കാനും പാർട്ടിക്ക് വേണ്ടി മരിക്കാനും വരെ തയാറുള്ള നേതാവ്. കെഎസ് യു കാലത്ത് തമ്പാനുമായി തുടങ്ങിയ ആത്മബന്ധം അവസാന നാളുകൾ വരെ അതുപോലെ നിലനിര്‍ത്താനായി. തമ്പാനെപ്പോലെ അർപ്പണബോധമുള്ള ഏത് പ്രതിസന്ധിയെയും നേരിടുന്ന പോരാളിയുടെ നഷ്ടം കോൺഗ്രസിന് വലിയ നഷ്ടമാണ്, പ്രത്യേകിച്ച് കൊല്ലം ജില്ലയില്‍. തമ്പാന്‍റെ അപ്രതീക്ഷിത വേർപാടിൽ  അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും അഗാധമായ ദുഃഖം അറിയിക്കുന്നു”