മുത്തലാഖ് നിരോധന ബില്‍ പാസായി; മുസ്‌ലിംകളുടെ വിവാഹമോചനം മാത്രം ക്രിമിനല്‍ കുറ്റമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം

Jaihind Webdesk
Thursday, December 27, 2018

ന്യൂദല്‍ഹി: മുത്തലാഖ് നിരോധന ബില്‍ കേന്ദ്ര ലോക്‌സഭയില്‍ പാസായി. പൗരന്റെ മൗലിക അവകാശങ്ങളെ ലംഘിക്കുന്ന ഭേദഗതികളാണ് കേന്ദ്രം നിയമത്തില്‍ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ബില്‍ വോട്ടിനിട്ട് പാസാക്കിയത്. 245 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 11 പേര്‍ മാത്രമാണ് എതിര്‍ത്തത്.

കോണ്‍ഗ്രസ്, അണ്ണാ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. മുത്തലാഖ് ബില്ലിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എം പി അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ട് തള്ളി. മൂന്ന് വര്‍ഷത്തെ ശിക്ഷ എടുത്ത് കളയണം എന്നതാണ് കോണ്‍ഗ്രസ് ആദ്യം തന്നെ ആവശ്യപ്പെട്ടത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നാണ് ബില്ല് വ്യക്തമാക്കുന്നത്. ഇത് എടുത്തുകളയണമെന്ന ആവശ്യം വോട്ടെടുപ്പില്‍ തള്ളി പോകുകയായിരുന്നു.
മറ്റു മതങ്ങളിലെ വിവാഹ മോചനം ക്രിമിനല്‍ കുറ്റമല്ലാതിരിക്കുമ്പോള്‍ മുസ്‌ലിംകളുടെ വിവാഹമോചനം മാത്രം ക്രിമിനല്‍ കുറ്റമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.

നേരത്തെ, മുത്തലാഖ് വിഷയത്തിൽ ലോക്സഭയിൽ ചർച്ച നടക്കുന്നതിനിടെ കോൺഗ്രസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കോൺഗ്രസ്, എഐഎംഐഎം, തൃണമൂൽ കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികൾ ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടു. ബില്ലിന്മേല്‍ ചര്‍ച്ചയാകാമെന്നും മതപരമായ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുതെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നേരത്തെ പറഞ്ഞിരുന്നു. ബിൽ രാഷ്ട്രീയപരമായി ഉയർന്നതാണെന്ന് ആർഎസ്പി എംപി എൻ.കെ.പ്രേമചന്ദൻ ആരോപിച്ചു.

ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കേസെടുത്താല്‍ സ്ത്രീകളുടെ പ്രശ്‌നം തീരുമോ എന്നും പ്രതിപക്ഷം ചോദിച്ചു. ബില്‍ രാഷ്ട്രീയപ്രേരിതമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വിമര്‍ശിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

2017 ഓഗസ്റ്റ് 22ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ടുള്ള ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്നത്. ബില്ലിലെ വ്യവസ്ഥ പ്രകാരം മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി നിയമമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. മുത്തലാഖ് ബിൽ ഏതെങ്കിലുമൊരു മതവിഭാഗത്തിനോ വിശ്വാസത്തിനോ എതിരല്ല. സ്ത്രീകളുടെ അവകാശവും നീതിയുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകളുടെ മാന്യത നിലനിർത്തുന്നതിനായിട്ടാണു പാർലമെന്റ് എന്നും നിലകൊള്ളുന്നത്. 22 ഇസ്‍ലാമിക രാജ്യങ്ങൾ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പിന്നെ ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്തിന് എന്തുകൊണ്ടിതു സാധ്യമല്ല. ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഇപ്പോഴും മുത്തലാഖ് നടക്കുന്നുണ്ട്. ആരെയും വഞ്ചിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെയല്ലാതെ വേണം ഇതുനോക്കിക്കാണാനെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.