ന്യൂഡല്‍ഹി: മൂന്നാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 94 ലോക്സഭാ മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തിൽ വിധി എഴുതുന്നത്. പത്തു സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 94 മണ്ഡലങ്ങളിൽ കഴിഞ്ഞ ഒരു മാസം നീണ്ടുനിന്നത് വാശിയേറിയ പ്രചാരണമാണ്. അതേസമയം വിവിധ ഇടങ്ങളിൽ ഇന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റാലികളിൽ പങ്കെടുക്കും. മേയ് 7 നാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്.
ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകയിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യുപിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവയിലടക്കമാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക. വർഗീയതയും മുസ്ലിം പ്രീണനവുമാണ് കോൺഗ്രസിന് എതിരെ പ്രചരണത്തിലുടനീളം ബിജെപി ഉയർത്തിയത്. പ്രജ്വൽ രേവണ്ണയുടെ ലൈംഗിക അതിക്രമവും കേന്ദ്ര ഏജൻസികളുടെ വേട്ടയാടലും അധികാര ദുർവിനിയോഗവും ഭരണവീഴ്ചയുമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ചർച്ചയാക്കിയത്.
ജമ്മു-കശ്മീരിലെ അനന്ത്നാഗ് രജൗറി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് മേയ് എഴിൽ നിന്ന് മേയ് 25ലേക്ക് മാറ്റിയിട്ടുണ്ട്. ബിഎസ്പി സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് മാറ്റിവെച്ച മധ്യപ്രദേശിലെ ബെറ്റുല സീറ്റിലെ തിരഞ്ഞെടുപ്പും മൂന്നാം ഘട്ടത്തിൽ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ.എസ്. ഈശ്വരപ്പ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിംഗ് ചൗഹാൻ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ മൂന്നാം ഘട്ടത്തിൽ മത്സരരംഗത്തുണ്ട്. സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പരസ്യ പ്രചാരണം അവസാനിക്കുന്ന പ്രചാരണം കൊഴുപ്പിക്കാന്‍ വിവിധയിടങ്ങളില്‍ ഇന്ന് പ്രധാന നേതാക്കളെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലും ആഭ്യന്തര മന്ത്രി അമിത് ഷാ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഇന്ന് റാലികൾ നടത്തുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിവിധ സംസ്ഥാനങ്ങളിൽ റാലികളിൽ പങ്കെടുക്കും.