ലോകസഭാ തെരഞ്ഞെടുപ്പ് : രാജ്യം കാത്തിരിക്കുന്ന അന്തിമ വിധി നാളെ അറിയാം…

Jaihind Webdesk
Wednesday, May 22, 2019

രാജ്യം കാത്തിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ ഇനി മണിക്കൂറുകള്‍ മാത്രം. അന്തിമ വിധി നാളെ പുറത്ത് വരും.  എന്നാല്‍ വോട്ടെണ്ണൽ പഴയരീതിയിൽ വേഗത്തിൽ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. പത്തുമണിക്കൂറാണ് ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പൂർത്തിയാക്കാൻ അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് ജോലി പൂർത്തിയാക്കിയാൽ മതിയെന്നാണ് നിർദേശം. രാവിലെ എട്ടിനാണ് വോട്ടെണ്ണിത്തുടങ്ങുക. പുതിയ നിർദേശം പാലിക്കപ്പെട്ടാൽ വൈകീട്ട് ആറുമണിയോടെ മാത്രമേ വിജയിയെ പ്രഖ്യാപിക്കൂ.

14 ബൂത്തുകളിലെ വോട്ടിങ് യന്ത്രമാണ് ഒരു റൗണ്ടിൽ ഫലം പരിശോധിക്കാൻ എടുക്കുന്നത്.  ഇങ്ങനെ ഓരോ റൗണ്ട് കഴിയുമ്പോഴും രേഖകളെല്ലാം കൃത്യമാക്കിവെക്കണം. പൊതുജനങ്ങൾക്ക് ഫലമറിയാനുള്ള ട്രെൻഡ്‌സ് സൈറ്റിലും തെരഞ്ഞെടുപ്പ് കമ്മിഷന് വിവരങ്ങൾ കൈമാറുന്ന സുവിധ ആപ്പിലും വിവരങ്ങൾ പങ്കുവെക്കണം. ഇതിനുശേഷമേ അടുത്ത റൗണ്ടിനുള്ള വോട്ടിങ് യന്ത്രങ്ങൾ സ്‌ട്രോങ് റൂമിൽ നിന്നെടുക്കാൻ അനുമതിയുള്ളൂ.

മുമ്പ്, വോട്ടെണ്ണൽ പരമാവധി വേഗത്തിൽ പൂർത്തിയാക്കുന്നതായിരുന്നു പതിവ്. ഒരുറൗണ്ടിലെ എണ്ണൽ കഴിയുമ്പോഴേക്കും അടുത്ത റൗണ്ടിനുള്ള യന്ത്രങ്ങൾ മേശപ്പുറത്ത് എത്തുമായിരുന്നു. ഇതിനാൽ, ഉച്ചയ്ക്കുമുമ്പ് ഫലമറിയാമായിരുന്നു.

വോട്ടെണ്ണലിനൊപ്പം തയ്യാറാക്കേണ്ട രേഖകൾ പിന്നീട് ശരിയാക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. പുതിയ സാഹചര്യത്തിൽ ഈ രീതി വേണ്ടന്നാണ് നിർദേശം.