ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുല്‍ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Jaihind Webdesk
Wednesday, April 3, 2024

വയനാട്: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ പത്തുമണിക്ക് വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി റോഡ് ഷോക്ക് ശേഷം 12 മണിക്ക് ജില്ലാ കളക്ടർ ഡോക്ടർ രേണുരാജിനാണ് പത്രിക സമർപ്പിക്കുക. റോഡ് ഷോയിൽ രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും.

രാവിലെ 10 മണിയോടെ മൂപൈനാട് റിപ്പൺ തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലെത്തുന്ന രാഹുൽ ഗാന്ധി അവിടെ നിന്നും റോഡ് മാർഗം കൽപ്പറ്റ പുതിയ ബസ്റ്റാന്‍റ് പരിസരത്തെത്തും. 11 മണിയോടെ പുതിയ ബസ്റ്റാന്‍റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റോഡ് ഷോയിൽ രാഹുലിനൊപ്പം എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ, ദീപദാസ് മുൻഷി, കനയ്യകുമാർ, പ്രതിപക്ഷേതാവ് വി.ഡി. സതീശൻ, കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം എം ഹസൻ, രമേശ് ചെന്നിത്തല, അബ്ബാസലി തങ്ങൾ, മോൻസ് ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ അണിനിരക്കും.

റോഡ്ഷോ സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചതിന് ശേഷം ഉച്ചക്ക് 12 മണിയോടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ഡോ. രേണുരാജിന് രാഹുൽഗാന്ധി പത്രിക സമർപ്പിക്കും. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകർ റോഡ്ഷോയില്‍ അണിനിരക്കും.