ലോക്സഭാ തിരഞ്ഞെടുപ്പ്: രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖർ

Jaihind Webdesk
Friday, April 26, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് പ്രവർത്തക  സമിതിയംഗം എ.കെ. ആന്‍റണിയും കെപിസിപി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസനും കുടുംബസമേതം ജഗതി യുപി സ്‌കൂളിൽ രാവിലെ 10 മണിക്ക് വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളേജിൽ രാവിലെ വോട്ട് രേഖപ്പെടുത്തി. കുടുംബസമേതം എത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. കുടുംബത്തോടൊപ്പം എത്തിയാണ് രമേശ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. കെപിസിസി മുൻ പ്രസിഡന്‍റ് വി.എം.സുധീരൻ കുന്നുകുഴി യുപിഎസിൽ രാവിലെ 10 മണിക്ക് കുടുംബസമേതം വോട്ട് രേഖപ്പെടുത്തി. കെപിസിസി മുൻഅധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ചോമ്പാല മാപ്പിള സ്‌കൂൾ പതിനെട്ടാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മൊറാഴ സിഎച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി.

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പുറപ്പുഴ ഗവണ്‍മെന്‍റ് എൽപി സ്‌കൂളിൽ വോട്ട് രേഖപെടുത്തി. മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിലും കർദിനാൾ ജോർജ് ആലഞ്ചേരിയും രാവിലെ തൃക്കാക്കര, തെങ്ങോട് ഗവണ്മെന്‍റ് സ്‌കൂളിലെ 149 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാബാവ പട്ടം ഗേൾസ് ഹൈസ്‌കൂൾ വോട്ട് രേഖപ്പെടുത്തി. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കരിമ്പൻ മണിപ്പാറ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

നടൻ ആസിഫലി സഹോദരൻ അസ്‌കർ അലിയോടൊപ്പം കുമ്മൻകല്ല് ബിടിഎം എൽപി സ്‌കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കവടിയാറിലെ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ട് ചെയ്തു. സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോണും കുടുംബവും വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി.