ലോക്സഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി

Jaihind Webdesk
Friday, April 19, 2024

 

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി.  16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.  18 ലക്ഷം പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 1.87 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരാണുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.

തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പുദുച്ചേരിയിലെയും ലക്ഷദ്വീപിലെയും ഓരോ സീറ്റിലും ഇന്ന് വോട്ടെടുപ്പ് നടക്കും. രാജസ്ഥാനില്‍ 12 സീറ്റുകളിലേക്കും ഉത്തര്‍പ്രദേശില്‍ എട്ട് സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. അസമിലെയും ഉത്തരാഖണ്ഡിലെയും അഞ്ചും ബിഹാറില്‍ നാലും മധ്യപ്രദേശില്‍ ആറും പശ്ചിമ ബംഗാളിൽ മൂന്നും മണിപ്പൂരില്‍ രണ്ടും സീറ്റുകളിലേക്കും ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.

ഛത്തീസ്ഗഢില്‍ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുളള ബസ്തറിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഹെലികോപ്റ്ററുകൾ, പ്രത്യേക ട്രെയിനുകൾ ഒരു ലക്ഷത്തോളം വാഹനങ്ങൾ ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി സർബാനന്ദ സോനാവാൾ , ജിതിൻ റാം മാഞ്ചി , ജിതിൻ പ്രസാദ, നകുൽനാഥ്, കനിമൊഴി, അണ്ണാമലൈ എന്നിവരും ഇന്ന് ജനവിധി തേടും. ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമേ അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.