നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; വാരണാസിയില്‍ മോദിക്കെതിരെ അജയ് റായ്, ഡാനിഷ് അലി അംറോഹയില്‍

Jaihind Webdesk
Sunday, March 24, 2024

 

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായ് മത്സരിക്കും. അസം, ആൻഡമാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, മിസോറം, രാജസ്ഥാൻ, തമിഴ്നാട്, ഉത്തരാഖണ്ഡ്, ബംഗാൾ സംസ്ഥാനങ്ങളിലെ 46 സ്ഥാനാർത്ഥികളുടെ പട്ടികയാണ് നാലാം ഘട്ടത്തില്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ എണ്ണം 183 ആയി. സിക്കിമിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും കോൺഗ്രസ് പ്രഖ്യാപിച്ചു.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ്, ഉത്തർപ്രദേശ് പിസിസി പ്രസിഡന്‍റ് അജയ് റായ്, പി. ചിദംബരത്തിന്‍റെ മകൻ കാർത്തി പി. ചിദംബരം എന്നിവരുൾപ്പെടെ 46 ലോക്‌സഭാ സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് രാജ്ഗഡ് മണ്ഡലത്തിൽ നിന്നും അജയ് റായ് വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മത്സരിക്കും. 2019ലും വാരണാസിയിൽ അജയ് റായ് ആയിരുന്നു സ്ഥാനാർത്ഥി.

പി. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തെ തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബിഎസ്പിയിൽ നിന്നും കോൺഗ്രസിൽ ചേർന്ന ഡാനിഷ് അലി ഉത്തർപ്രദേശിലെ അംറോഹ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവും. തനൂജ് പുനിയയ്ക്ക് ഉത്തർപ്രദേശിലെ ബാരാ ബാങ്കിയിൽ നിന്നാണ് ലോക്‌സഭാ ടിക്കറ്റ് ലഭിച്ചത്.
തമിഴ്നാട്ടിൽ നിന്നുള്ള സിറ്റിംഗ് എംപി മാണിക്കം ടാഗോർ വിരുദ്ധ്നഗറിൽ വീണ്ടും മത്സരിക്കും. രാജസ്ഥാനിലെ നാഗൗർ ലോക്‌സഭാ മണ്ഡലത്തില്‍ ഹനുമാൻ ബേനിവാളിന്‍റെ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി മത്സരിക്കും. ഇതോടൊപ്പം സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 18 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.