ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു: കേരളത്തില്‍ ഏപ്രില്‍ 26ന്; ജൂണ്‍ 4ന് വോട്ടെണ്ണല്‍

Jaihind Webdesk
Saturday, March 16, 2024

 

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യഘട്ടം ഏപ്രിൽ 19ന്. കേരളത്തില്‍ ഏപ്രില്‍ 26-നാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ-19, രണ്ടാം ഘട്ടം ഏപ്രിൽ-26, മൂന്നാം ഘട്ടം മെയ്-7, നാലാം ഘട്ടം മെയ്-13, അഞ്ചാം ഘട്ടം മെയ്-20, ആറാം ഘട്ടം മെയ്-25, ജൂണ്‍ 1-ന് ഏഴാം ഘട്ടം. വോട്ടെണ്ണല്‍ ജൂൺ നാലിന് നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കും.

ആകെ 96.8 കോടി വോട്ടർമാരാണുള്ളത്. 10.5 ലക്ഷം പോളിംഗ് സ്റ്റേഷനുകളും 1.5 കോടി പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. 1.8 കോടി കന്നി വോട്ടർമാരും 20-29 വയസിനിടയിലുള്ള 19.47 കോടി വോട്ടർമാരും ഉണ്ട്. 12 സംസ്ഥാനങ്ങളിൽ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 85 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കും വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കും.

543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. 2019 ൽ മാർച്ച് പത്തിനാണു തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഏപ്രിൽ 11 മുതൽ മേയ് 19 വരെ 7 ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23നു ഫലം പ്രഖ്യാപിച്ചു. ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിക്കുന്നത്. കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നു.