ലോക്സഭ തിരഞ്ഞെടുപ്പ് 2024; വോട്ടെണ്ണലിന് എട്ട് മണിക്ക് തുടക്കം, ആകാംക്ഷയോടെ രാജ്യം

Jaihind Webdesk
Tuesday, June 4, 2024

 

ന്യൂഡല്‍ഹി: രാജ്യം ഉറ്റ് നോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വിധിയെഴുത്തിന്‍റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സംസ്ഥാനത്തെയും രാജ്യത്തേയും ഏകാധ്യപത്യ ഭരണത്തിനെതിരെയുള്ള രണ്ട് മാസം നീണ്ട് നിന്ന നിര്‍ണ്ണായക കാത്തിരിപ്പിനൊടുവിലത്തെ ദിനം.  രാജ്യം വര്‍ഗീയതയെ തുടച്ചുമാറ്റി മതേതര ഭരണത്തിന് വഴിയൊരുക്കുമോയെന്ന ആകാംക്ഷയിലാണ് ജനം.

രാജ്യം ഇതേവരെ കണ്ട വമ്പന്‍ രാഷ്ട്രീയ പ്രചരണത്തിനാണ് ഇത്തവണ സാക്ഷിയായത്. ഏഴ് ഘട്ടങ്ങളിലായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. 64 കോടി പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. അതില്‍ 31.2 കോടി പേരും സ്ത്രീകളാണ്. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.

അല്‍പ്പസമയത്തിനുള്ളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ തുറക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയശേഷം 8 മണിയോടെ വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.

മൈക്രോ ഒബ്സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്‍റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശനമുള്ളത്. സംസ്ഥാനത്ത് എല്ലാ കൗണ്ടിംഗ് സെന്‍ന്‍ററുകളിലും മീഡിയ സെന്‍റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ഡിസ്‌പ്ലെ ബോര്‍ഡിലും ലോക്‌സഭ മണ്ഡലം തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കും.