ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ ഓംബുഡ്സ്മാനായ ലോക്പാല്‍ വന്‍ തുകയ്ക്ക് ആഢംബര കാറുകള്‍ വാങ്ങാനൊരുങ്ങുന്നു. 5 കോടി രൂപ വിലമതിക്കുന്ന ഏഴ് ആഡംബര ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനാണ് ലോക്പാല്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത് .അഴിമതിയെ ചെറുക്കാന്‍ രൂപീകരിച്ച സംവിധാനം തന്നെ വലിയ വെള്ളാനയായി മാറുന്ന കാഴ്ചയാണിത്. ലോക് പാലിന്റെ നീക്കങ്ങള്‍ക്ക് വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ നേരിടുന്നത്. സ്ഥാപനത്തിന്റെ മുന്‍ഗണനകളെയും പ്രവര്‍ത്തന രീതികളേയും ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളും അഴിമതി വിരുദ്ധ പ്രവര്‍ത്തകരും രംഗത്തെത്തി.
2025 ഒക്ടോബര്‍ 16-ന് പുറത്തിറക്കിയ ടെന്‍ഡര്‍ പ്രകാരമാണ് ലോക്പാല്‍ ഓഫ് ഇന്ത്യ ഏഴ് ബിഎംഡബ്ല്യു 3 സീരീസ് കാറുകള്‍ വിതരണം ചെയ്യുന്നതിനായി അംഗീകൃത ഏജന്‍സികളില്‍ നിന്ന് തുറന്ന ടെന്‍ഡറുകള്‍ ക്ഷണിച്ചത്. ടെന്‍ഡര്‍ അനുസരിച്ച്, ദില്ലിയില്‍ ഒരു കാറിന് ഏകദേശം 69.5 ലക്ഷം രൂപയാണ് ഓണ്‍-റോഡ് വില. നിലവിലെ ചെയര്മാന് ജസ്റ്റിസ് (റിട്ടയേര്‍ഡ്) എ എം ഖാന്‍വില്‍ക്കര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനത്തിലെ ഏഴ് അംഗങ്ങള്‍ക്കും ഓരോ വാഹനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 6 ആണ്. ബിഡ്ഡര്‍മാര്‍ 10 ലക്ഷം രൂപയുടെ മണി ഡെപ്പോസിറ്റ് കെട്ടിവെക്കണം. വിതരണ ഓര്‍ഡര്‍ തീയതി മുതല്‍ 30 ദിവസത്തിനകം വാഹനങ്ങള്‍ എത്തിക്കണമെന്നും ടെന്‍ഡറില്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ ഈ ധൂര്‍ത്തിനെ അപലപിച്ചു. ഇത് ലോക്പാലിന്റെ സ്ഥാപനത്തിന്റെ ദൗത്യത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍’ പ്രസ്ഥാനത്തിന്റെ സമരത്തിലൂടെ അഴിമതിക്കെതിരെ പോരാടാന്‍ രൂപീകരിച്ച സ്ഥാപനമാണ് ഈ ധൂര്‍ത്ത് കാട്ടുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ RSS പിന്തുണയില്‍ മാത്രം രൂപകല്‍പ്പന ചെയ്ത പ്രസ്ഥാനമാണിത്.’ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് എക്സില്‍ കുറിച്ചു.
ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ (IAC) പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്ന പൊതുതാല്പര്യ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ഈ വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാര്‍ ഈ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതിയെക്കുറിച്ച് ബോധവാന്മാരല്ലാതെ, ആഡംബരങ്ങളില്‍ സന്തോഷിക്കുന്ന അംഗങ്ങളാണ് ഇപ്പോള്‍ നിയമിക്കപ്പെട്ടിരിക്കുന്നത്. പ്രശാന്ത് ഭൂഷണ് എക്സിലെ തന്റെ പോസ്റ്റില്‍ പറഞ്ഞു.
‘ലോക്പാല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഒരു കേസിലെങ്കിലും നടപടിയെടുത്തിട്ടുണ്ടോ?’കോണ്‍ഗ്രസ് നേതാവ് സരള പട്ടേല്‍ ചോദിച്ചു. ഇവര്‍ മുഴുവന്‍ രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ചുതായും അവര്‍ ആരോപിച്ചു. അഴിമതി വിരുദ്ധത പറഞ്ഞിട്ട് ഇത്തരം നീക്കങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന മോശം പൊതുജന ധാരണയെക്കുറിച്ച് തൃണമൂല്‍ എംപി സാഗരിക ഘോഷ് ആശങ്കപ്പെട്ടു.