ദുരിതാശ്വാസ ഫണ്ട് തിരിമറിയില്‍ ലോകായുക്ത വിധി നാളെ; മുഖ്യമന്ത്രിക്ക് നിർണായകം

Jaihind Webdesk
Thursday, March 30, 2023

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസിലെ ലോകായുക്ത വിധി നാളെ. വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാതെ വന്നതോടെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നാളെ കേസ് പരിഗണിക്കുന്നത്. വിധി എതിരായാല്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നേക്കും.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് കേസിന് ആസ്പദമായ അഴിമതി നടന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. വിധി എതിരായാൽ മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിയേണ്ട കേസാണ് ലോകായുക്തയ്ക്ക് മുന്നിലുള്ളത്. കഴിഞ്ഞ വർഷം മാർച്ച് 18ന് വാദം പൂർത്തിയായ കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. എന്നാല്‍ ഒരു വർഷം പിന്നിട്ടിട്ടും വിധി പറയാതിരുന്നത് വിവാദമായിരുന്നു. ഇതോടെ പരാതിക്കാരനായ ആർ എസ് ശശികുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ലോകായുക്തയില്‍ ഹർജി നല്‍കാന്‍ ഹൈക്കോടതി നിർദേശിച്ചു. ഈ ഹർജിയാണ് ലോകായുക്ത നാളെ പരിഗണിക്കുന്നത്.

ഹിയറിംഗ് പൂര്‍ത്തിയായാല്‍ ആറുമാസത്തിനകം വിധി പറയണമെന്ന സുപ്രീം കോടതി നിര്‍ദേശവും പാലിക്കപ്പെട്ടില്ല.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പോലീസുകാരന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ആനുകുല്യങ്ങള്‍ക്കു പുറമെ 20 ലക്ഷം രൂപയും ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന അന്തരിച്ച കെ.കെ രാമചന്ദ്രന്‍നായരുടെ മകന് എന്‍ജിനീയറായി ജോലിക്കു പുറമെ സ്വര്‍ണ്ണ, വാഹനവായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് 9 ലക്ഷം രൂപയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍റെ കുടുംബത്തിന് വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി അനുവദിച്ച അഴിമതിയാണ് ലോകായുക്തയുടെ മുമ്പിലുള്ളത്.

വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തതിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയും രംഗത്തെത്തിയിരുന്നു. വിധി പറയാത്തത് മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോയെന്ന് അദ്ദേഹം ചോദിച്ചു. ലോകായുക്ത നിശബ്ദമായതിന്‍റെ പിന്നിലുള്ള കാരണങ്ങള്‍ അന്വേഷണവിധേയമാക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. ലോകായുക്ത വിധിയെ തുടർന്നാണ് കെടി ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്.