ലോകായുക്ത ഓര്‍ഡിനന്‍സില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; രക്ഷപ്പെടാനുള്ള നീക്കമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, January 30, 2022

 

ആലപ്പുഴ: ലോകായുക്ത ഓർഡിനൻസിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന്  രമേശ് ചെന്നിത്തല. പൊതുസമൂഹം ഇത്തരമൊരു ഓർഡിനൻസ് ആഗ്രഹിക്കുന്നില്ല. ഘടകകക്ഷിയായ സിപിഐ പോലും വിയോജിപ്പ് രേഖപ്പെടുത്തി. ലോകായുക്ത ഓർഡിനൻസ് പിൻവലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭ കൂടുമ്പോൾ ബില്ലായി ഇത് കൊണ്ടുവരാവുന്നതാണെന്നിരിക്കെ ഇത്ര തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവരുന്നത് എന്തിനാണെന്ന്  രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കും എതിരായ കേസുകള്‍ ഫെബ്രുവരി ആദ്യം പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രിയെയും ഉന്നതവിദ്യാഭ്യാസമന്ത്രിയെയും രക്ഷിക്കാൻ വേണ്ടിയുളള നടപടിയായിട്ടേ ഇതിനേ കാണാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

കൊവി‍ഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ്. ചികിത്സ കഴിഞ്ഞും മുഖ്യമന്ത്രി യുഎഇയിൽ നിൽക്കുന്നത് ശരിയല്ലെന്നും ഒമ്പത് ദിവസത്തെ യുഎഇ പരിപാടി പിണറായി വിജയൻ വെട്ടിച്ചുരുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  സംസ്ഥാനത്ത് ഒരു സംവിധാനവും ഏകോപനവും ഇല്ല എന്നതാണ് അവസ്ഥ. മരണനിരക്ക് കൂടുന്ന സാഹചര്യവും ആശങ്കാജനകമാണ്. മുഖ്യമന്ത്രിയുടെ ദുബായ് പര്യടനം എന്തിനെന്ന് ആർക്കും അറിയില്ലെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.