ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ഇന്ന് കൈമാറും ; നടപടിയില്ലെങ്കില്‍ ഗവർണർ ഇടപെടും, വിഷമവൃത്തത്തില്‍ ജലീലും സർക്കാരും

Jaihind Webdesk
Monday, April 12, 2021

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ഇന്ന് സർക്കാരിന് കൈമാറും. ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ മൂന്നുമാസത്തിനുള്ളിൽ മുഖ്യമന്ത്രി തീരുമാനമെടുക്കണം. ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന നിലപാടിന് പിന്നാലെയാണ് ലോകായുക്താ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്. അതേസമയം  ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ യുവജന സംഘടനകൾ.

ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ തസ്തികയിലെ യോഗ്യതയിൽ മാറ്റം വരുത്താന്‍
കോർപറേഷൻ നിർദേശിക്കാതെ മന്ത്രി കെടി ജലീൽ മാറ്റം ആവശ്യപ്പെട്ടത് ബന്ധുവിന് വേണ്ടിയാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്ത ഡിവിഷൻ ബെഞ്ചിൻ്റെ വിധി. ബന്ധുനിയമനത്തിൽ ജലീലിന്‍റേത് അധികാര ദുർവിനിയോഗമാണെന്നും ലോകായുക്ത നിരീക്ഷിച്ചിരുന്നു. ജലീലിനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയിൽ ആവശ്യപ്പെടുന്നുണ്ട്. ലോകായുക്ത ഉത്തരവ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തും.

അതേസമയം വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളിയാണ്. ലോകായുക്ത റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ക്ക് പ്രശ്നത്തില്‍ ഇടപെടാം. ഹൈക്കോടതിയെ സമീപിക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടുവരെ പിടിച്ചു നില്‍ക്കാനാണ് ജലീലിന്‍റെയും സര്‍ക്കാരിന്‍റെയും ശ്രമം.

കെ.ടി ജലീലിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്കാണ് ലോകായുക്ത നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാന്‍ മൂന്ന് മാസം സമയമാണുള്ളത്. തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇരുപതുദിവസം സമയമുണ്ട് എന്നതിനാല്‍ നിയമപരമായ മാര്‍ഗം സ്വീകരിക്കാന്‍ ജലീലിന് അനുമതി നല്‍കുക വഴി സാവകാശം ലഭിക്കുമെന്നാണ് സര്‍ക്കാരും പാര്‍ട്ടിയും കണക്കുകൂട്ടുന്നത്. എന്നാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അധികാരമുള്ളതിനാല്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല.

മറുവശത്ത് ഉത്തരവിനെതിരെ ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ലോകായുക്തയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാവില്ലെന്നും വിധി ചോദ്യം ചെയ്ത് റിട്ട് പെറ്റിഷന്‍ നല്‍കാമെന്നുമാണ് ജലീലിന് ലഭിച്ച് നിയമോപദേശം.
അതേസമയം ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ കടുപ്പിക്കാനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം.