മുഖ്യനൊപ്പമിരിക്കാന്‍ 82 ലക്ഷം; ഗോള്‍ഡ്, സില്‍വർ, ബ്രോണ്‍സ് പാസുകളുമായി താരനിശ മാതൃകയില്‍ യുഎസിലെ ലോക കേരള സഭ; പിരിച്ചെടുക്കുന്നത് വന്‍ തുക

Jaihind Webdesk
Thursday, June 1, 2023

 

തിരുവനന്തപുരം: യുഎസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തിനായി സംഘാടകസമിതിയുടെ പേരിൽ പിരിച്ചെടുക്കുന്നത് വൻ തുക. താരനിശ മാതൃകയിൽ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ 82 ലക്ഷം രൂപയാണ് പാസിന് ഈടാക്കുന്നത്. ഈ മാസം 9 മുതൽ 11 വരെ ന്യൂയോർക്കിലാണ് സമ്മേളനം.

മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ 82 ലക്ഷം രൂപയാണ് സംഘാടകർ ഈടാക്കുന്നത്. താരനിശ മാതൃകയിലാണ് സമ്മേളനത്തിന്‍റെ പണപ്പിരിവ്. വലിയ സ്‌പോൺസർഷിപ്പ് നൽകുന്നവർക്ക് വലിയ അംഗീകാരം നൽകുന്നതാണ് വാഗ്ദാനം. ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണ് പണപ്പിരിവ്. ഒരു ലക്ഷം യുഎസ് ഡോളറാണ്  (ഇന്ത്യൻ രൂപ 82 ലക്ഷം) ഗോൾഡ് പാസിന് ഈടാക്കുന്നത്. സ്റ്റേജിൽ കസേര, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിഐപികൾക്കൊപ്പമിരുന്ന് ഭക്ഷണം, ആഢംബര വാഹനത്തിൽ യാത്ര, 2 സ്വീറ്റ് മുറികള്‍, നോട്ടീസിൽ രണ്ട് പേജ് പരസ്യം എന്നിവയാണ് വാഗ്ദാനങ്ങൾ. സിൽവർ പാസിന് 50,000 യുഎസ് ഡോളറാണ്. ഇന്ത്യൻ രൂപ 41 ലക്ഷം രൂപ. സ്റ്റേജിൽ കസേര, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിഐപികൾക്കൊപ്പമിരുന്ന് ഭക്ഷണം, ആഡംബര വാഹനത്തിൽ യാത്ര, ഒരു സ്വീറ്റ് മുറി, നോട്ടീസിൽ ഒരു പേജ് പരസ്യം എന്നിവയാണ് വാഗ്ദാനങ്ങൾ. ബ്രോൺസ് പാസിന് യുഎസ് ഡോളർ 25,000 മാണ് ഈടാക്കുന്നത്. ഇന്ത്യൻ രൂപ 20.5 ലക്ഷം രൂപ. വാഗ്ദാനങ്ങൾ സ്റ്റജിൽ കസേര, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിഐപികൾക്കൊപ്പമിരുന്ന് ഭക്ഷണം ഒഴികെയുള്ള സിൽവർ പാസിലെ മറ്റ് സൗകര്യങ്ങൾ. ജൂൺ 8 മുതൽ 11 വരെ ന്യൂയോർക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിലാണ് സമ്മേളനം.

മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ ബാലഗോപാൽ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. എന്നാൽ സ്പീക്ക ഉള്‍പ്പെടെയുള്ളവർ  സമ്മേളനത്തില്‍ പങ്കെടുക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള പരസ്യമാണ് പരിപാടിയുടേതായി പുറത്തിറക്കിയത്. വലിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടിയുടെ പരസ്യം ഉൾപ്പെടുന്ന താരിഫ് കാർഡ് അമേരിക്കൻ മലയാളികളുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. അതേസമയം സമ്മേളനത്തിന്‍റെ ചെലവ് വഹിക്കുന്നത് പ്രാദേശിക സംഘാടക സമിതിയാണെന്നാണ് നോർക്കയുടെ വിശദീകരണം. എന്നാൽ സർക്കാർ സംരംഭമായ ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ വൻതുകയ്ക്കുള്ള പാസ് വിതരണം ചെയ്യുന്നതിൽ പ്രതികരിക്കാൻ ഇതുവരെയും സർക്കാർ തയാറായിട്ടില്ല.