16 കോടിയുടെ അനാവശ്യ കെട്ടിടം; വര്‍ഷത്തില്‍ മൂന്ന് ദിവസം ഉപയോഗിക്കുന്ന വേദിക്കുവേണ്ടി കോടികള്‍; ലോക കേരള സഭയ്ക്ക് സ്ഥിരം വേദിയെന്ന പേരില്‍ പിണറായി വിജയന്റെ ധൂര്‍ത്ത്; പ്രവാസികള്‍ക്കോ സംസ്ഥാനത്തിനോ അഞ്ച് കാശിന്റെ നേട്ടമില്ലാത്ത സഭയ്ക്ക് സ്ഥിരം വേദി

Jaihind Webdesk
Monday, October 28, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപം ഇറക്കുന്ന പ്രവാസികള്‍ ആത്മഹത്യയില്‍ അഭയം തേടുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. കണ്ണൂര്‍ ആന്തൂരിലെ സാജനും, കരുനാഗപ്പള്ളിയിലെ സുഗതനും ഉദാഹരണങ്ങള്‍. ലോക കേരള സഭയെന്ന പേരില്‍ സര്‍ക്കാര്‍ വര്‍ഷാവര്‍ഷം കാട്ടിക്കൂട്ടുന്ന കോടികളുടെ ധൂര്‍ത്തിന് പുറമേ ഇനിമുതല്‍ 16 കോടിരൂപ മുടക്കി ഒരു സ്ഥിരം വേദി കൂടി ഒരുക്കുകയാണ്. കേരള നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് സ്ഥിരം വേദി നിര്‍മ്മിക്കുന്നത്. ഇതുവരെയുള്ള ലോക കേരള സഭകൊണ്ടുണ്ടായ ഗുണങ്ങള്‍ എന്നതിനെക്കുറിച്ച് ഉത്തരമില്ലാത്ത സര്‍ക്കാരാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.

പ്രളയം രണ്ടുതവണയായി താണ്ഡവമായിയ കേരളത്തിലാണ് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തും. ചെലവ് ചുരുക്കാന്‍ ജീവനക്കാരും നാട്ടുകാരും മുണ്ടുമുറുക്കിയുടുക്കണമെന്ന് ദിവസേന പറയുന്ന പിണറായി വിജയനും തോമസ് ഐസക്കുമാണ് 16 കോടിയുടെ ധൂര്‍ത്തിന് ചുക്കാന്‍ പിടിക്കുന്നത്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഉപയോഗിക്കാനുള്ള ഈ ഹാളിനാണ് ഇത്രയധികം കോടികള്‍ മുടക്കുന്നത്. നിയമസഭക്കുള്ളിലായതിനാല്‍ ഇത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധ്യമല്ല. 2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വേദിയുടെ ഭാഗമായി വിഐപി ലോഞ്ച്, വിശാലമായ ബാല്‍ക്കണിയും ഗ്രീന്റൂമും അടക്കമുള്ള സഭാ വേദിയുടെ രൂപകല്‍പ്പനയും പൂര്‍ത്തിയായിരിക്കുകയാണ്. 662 സീറ്റാണ് സജ്ജീകരിക്കുന്നത്. 552 എണ്ണം പ്രധാന ഹാളിലും 110 എണ്ണം രണ്ട് ഭാഗങ്ങളിലെ ബാല്‍ക്കണിയിലുമാണ്. 1850 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വേദിയുടെ മൂന്ന് ഭാഗങ്ങളിലായി എല്‍ഇഡി വാളുമുണ്ട്. ലോക കേരള സഭയ്ക്കായി പ്രത്യേക സെക്രട്ടറിയറ്റും രൂപീകരിച്ചിട്ടുണ്ട്. ഇത്രയും കാര്യങ്ങള്‍ക്കാണ് 16 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരിക്കുന്നത്. അതില്‍ നിന്നുതന്നെ അധികച്ചെലവ് വ്യക്തമാണ്.