വഖഫ് ഭേദഗതി ബില്‍ ലോക് സഭ പാസ്സാക്കി; മുസ്ലിങ്ങളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്ന് രാഹുല്‍ ഗാന്ധി; ചര്‍ച്ച നീണ്ടത് 13 മണിക്കൂര്‍

Jaihind News Bureau
Thursday, April 3, 2025

വഖഫ് ഭേദഗതി ബില്‍ ലോക് സഭ പാസ്സാക്കി. അതിരൂക്ഷ പ്രതിപക്ഷ എതിര്‍പ്പിനും നാടകീയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ പതിമൂന്നു മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ബില്‍ വോട്ടെടുപ്പിലൂടെ പാസ്സാക്കിയത്. 232ന് എതിരെ 288 വോട്ടുകളാണ് നേടിയത്. ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ കേരളത്തില്‍നിന്നുള്ള പ്രതിപക്ഷ എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ഭേദഗതികള്‍ സഭ തള്ളി.

വഖഫ് ഭേദഗതിബില്‍ മുസ്ലിങ്ങളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കുററപ്പെടുത്തി. ആര്‍എസ്എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് ഭരണഘടനയ്ക്കെതിരേ നടത്തുന്ന ഈ ആക്രമണം മുസ്ലിങ്ങളെ ലക്ഷ്യംവെച്ചുള്ളതാണ്. എന്നാല്‍, ഇത് ഭാവിയില്‍ മറ്റു സമുദായങ്ങളെയും ലക്ഷ്യംവെക്കുമെന്ന് രാഹുല്‍ എക്‌സില്‍ കുറിച്ചു. ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന് വിരുദ്ധമാണ് വഖഫ് ഭേദഗതിബില്ലെന്നും രാഹുല്‍ പറഞ്ഞു.

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ലോക്സഭയില്‍ ചര്‍ച്ചയ്ക്കും അംഗീകാരത്തിനുമായി വഖഫ് (ഭേദഗതി) ബില്‍ 2025 അവതരിപ്പിച്ചത്.  സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ബില്‍ പക്ഷേ പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ ഒന്നുംതന്നെ അംഗീകരിക്കാതെയാണ്‌സഭയില്‍ എത്തിയത്.

വഖഫ് സ്വത്തുക്കളുടെ ഭരണം മെച്ചപ്പെടുത്തുക, നിയമപരമായ സങ്കീര്‍ണ്ണതകള്‍ ലളിതമാക്കുക, സുതാര്യത പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നിയമ പരിഷ്‌ക്കരിക്കുന്നത് എന്നാണ് ബില്‍ അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞത് . നിലവിലെ വഖഫ്‌ബോര്‍ഡുകളുടെ ഭരണ സംവിധാനങ്ങള്‍ എല്ലാം അട്ടിമറിക്കുന്നതാണ് ഇപ്പോള്‍ പാസ്സിക്കിയിരിക്കുന്ന ബില്‍. അതുകൊണ്ടു തന്നെ ശക്തമായ എതിര്‍പ്പാണ് ബില്ലിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയത് .

വഖഫ് ബില്ലിന്റെ പേര് Unified Waqf Management Empowerment, Efficiency and Development (UMEED) Bill എന്ന് പുനര്‍നാമകരണം ചെയ്തതായി മന്ത്രി റിജിജു അറിയിച്ചു.

വഖഫ് ബില്‍ ഭരണഘടനയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് ആരോപിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജു സഭയെ തെറ്റിദ്ധരിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. വഖഫ് ബില്ലിലൂടെ സര്‍ക്കാര്‍ മറ്റ് സമുദായങ്ങളുടെ ഭൂമിയും ലക്ഷ്യമിടുന്നുവെന്ന് ഗൗരവ് ഗൊഗോയ് ആരോപിച്ചു. ‘ഇന്ന്, അവര്‍ ഒരു സമുദായത്തിന്റെ ഭൂമിയെയാണ് ലക്ഷ്യമിടുന്നത്, നാളെ അവര്‍ മറ്റൊരു സമുദായത്തെ തേടി എത്തും ,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി പ്രതിനിധി രവിശങ്കര്‍ പ്രസാദ വഖഫിനെ ഒരു നിയമാനുസൃത സ്ഥാപനം മാത്രമായി വിശേഷിപ്പിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് പ്രതിപക്ഷം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നിയമനിര്‍മ്മാണത്തിലൂടെ മുസ്ലീങ്ങളുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നില്ലെന്നും മന്ത്രിപറഞ്ഞു.

എന്നാല്‍ അമിത് ഷായുടെ ന്യൂനപക്ഷക്ഷേമത്തിലുള്ള കരുതലില്‍ വിശ്വാസമില്ലെന്ന് മുസ്‌ളിംലീഗ് പ്രതിനിധി ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. വഖഫ് ബില്‍ ന്യൂനപക്ഷങ്ങളുടെ സ്വയംഭരണത്തിനും, വിശ്വാസങ്ങള്‍ക്കും, അവകാശങ്ങള്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ ആക്രമണമാണെന്ന് കെ സി വേണുഗോപാല്‍ എംപിയുംകുററപ്പെടുത്തി. ഈ സര്‍ക്കാരിന് ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഒറ്റ അജണ്ട മാത്രമേയുള്ളൂ. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു ചോര കുടിക്കുന്ന സൃഗാല ബുദ്ധിയാണ് ഈ സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ചര്‍ച്ചയ്ക്കിടെ എഐഎംഐഎം മേധാവി ഒവൈസി വഖഫ് ഭേദഗതി ബില്‍ ‘ഭരണഘടനാ വിരുദ്ധം’ എന്ന് വിശേഷിപ്പിച്ചു. ഈ രാജ്യത്ത് ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നതായും എന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയ്ക്കിടെ വഖഫ് ഭേദഗതി ബില്ലിന്റെ പകര്‍പ്പ് അസാസുദ്ദീന്‍ ഒവൈസി കീറിക്കളഞ്ഞു.

പന്ത്രണ്ടു മണിക്കൂറോളം വഖഫ് ഭേദഗതി ബില്ലിലുള്ള ചര്‍ച്ച നടന്നു. ബില്‍ ഭരണഘടനാ വിരുദ്ധമാണെങ്കില്‍, കോടതി അത് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് മറുപടിപ്രസംഗം നടത്തിയ മന്ത്രി കിരണ്‍ റിജിജു ചോദിച്ചു. പ്രതിപക്ഷം അവകാശപ്പെട്ടതുപോലെ ബില്‍ ഭരണഘടനയ്ക്ക് വിരുദ്ധമല്ലെന്നും മന്ത്രി അവകാശപ്പെട്ടു.