ലോക്സഭ എംപി ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേർന്നു

Jaihind Webdesk
Wednesday, March 20, 2024

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലേക്ക് വിവിധ പാർട്ടികളില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ബഹുജന്‍ സമാജ്‌വാദി പാർട്ടി (ബിഎസ്പി) യില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ലോക്സഭ എംപി ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേർന്നു. ഉത്തർപ്രദേശിലെ അമ്രോഹ പാർലമെന്‍റ് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഡാനിഷ് അലി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ വസതിയിലെത്തി കണ്ട് അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് അദ്ദേഹം എഐസിസി ആസ്ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിച്ചത്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയിലും ഡാനിഷ് അലി പങ്കെടുത്തിരുന്നു. മണിപ്പൂരില്‍ വെച്ചായിരുന്നു ഡാനിഷ് അലി ന്യായ് യാത്രയുടെ ഭാഗമായത്.

തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടിയില്‍ പ്രതിപക്ഷത്തിനൊപ്പം പ്രതിഷേധിച്ചതിനാണ് ഡാനിഷ് അലിക്കെതിരെ ബിഎസ്പി നടപടിയെടുത്തത്. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തി എന്നു കാട്ടിയാണ് അദ്ദേഹത്തിനെ പാർട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.