ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; മണിപ്പൂരിലും ബംഗാളിലും അക്രമം

Jaihind Webdesk
Friday, April 19, 2024

 

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിൽ ഒരു മണി വരെ 40 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ത്രിപുരയിലാണ് ഇതുവര‌െയുള്ളതിൽവെച്ച് ഏറ്റവും കൂടിയ പോളിംഗ് രേഖപ്പെടുത്തിയത്. 53.04 ശതമാനം പോളിംഗാണ് ത്രിപുരയില്‍ ഇതുവരെ രേഖപ്പെടുത്തിയത്. ലക്ഷദ്വീപിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ഉച്ച വരെ 29.9 ശതമാനം പോളിംഗ്. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ ജനാധിപത്യത്തിനും വരുന്ന തലമുറയ്ക്കും വേണ്ടിയെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

17 സംസ്ഥാനങ്ങളിലെയും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 102 സീറ്റുകളിലേക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. വോട്ടെടുപ്പിനിടെ മണിപ്പൂരിലും ബംഗാളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മണിപ്പുരിലെ ബിഷ്ണുപുരിൽ സംഘർഷം. ബൂത്തു പിടിച്ചെടുക്കാനുള്ള ശ്രമം തടയാൻ പൊലീസ് ആകാശത്തേക്കു വെടിവച്ചു. പശ്ചിമബംഗാളിലെ കുച്ച് ബിഹാറിൽ തൃണമൂൽ കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ബിജെപിയെന്നും ബൂത്ത്‌ ഏജന്‍റുമാരെ ബിജെപി പ്രവർത്തകർ ആക്രമിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിച്ചു.

മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റിൽ അക്രമികൾ പോളിംഗ് മെഷീനുകൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പോലീസ് വെടിയുതിർത്തു. ബിഷ്ണുപുർ ജില്ലയിലെ തമ്‌നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മണിപ്പൂരില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.