ലോക്സഭാ തിരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപനത്തിനുള്ള തയാറെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനങ്ങള്‍ സന്ദർശിക്കും

Jaihind Webdesk
Friday, January 5, 2024

 

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അടക്കം സംസ്ഥാനങ്ങൾ സന്ദർശിക്കും. ആദ്യ സന്ദർശനം തമിഴ്നാട്, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിൽ. ഞായറാഴ്ച ആന്ധ്രപ്രദേശിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സന്ദർശനം.

ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുള്ള തയാറെടുപ്പുകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായാണ് സംസ്ഥാനങ്ങളിലെത്തി തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ കമ്മീഷൻ വിലയിരുത്തുന്നത്. ഞായറാഴ്ച ആന്ധ്ര സന്ദർശിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍‍ തുടര്‍ന്ന് തമിഴ്‌നാട് സന്ദർശിക്കും. അതേസമയം എല്ലാ സംസ്ഥാനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യമാണെന്നും റിപ്പോർട്ടുകളുണ്ട്.

മാർച്ച് മാസത്തോടെയേ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന വിവരം. പല സംസ്ഥാനങ്ങളിലെയും ഉത്സവങ്ങളും പരീക്ഷാ തീയതികളും അടക്കം പരിഗണിച്ചായിരിക്കും വോട്ടെടുപ്പ് തീയതി നിശ്ചയിക്കുക. കഴിഞ്ഞ തവണ ഏഴു ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടന്നത്. ആന്ധ്രാപ്രദേശില്‍ നിന്നാണ് വോട്ടെടുപ്പിന് തുടക്കം കുറിച്ചത്. ഏപ്രില്‍ 11 നായിരുന്നു ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. കേരളത്തില്‍ ഏപ്രില്‍ 23 നായിരുന്നു തിരഞ്ഞെടുപ്പ് . സുരക്ഷാപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ കണക്കിലെടുത്തുകൊണ്ടാവും തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുക.