ലോക്സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ-ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം

Jaihind Webdesk
Wednesday, March 27, 2024

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനതലത്തിൽ രാഷ്ട്രീയപാർട്ടികളും സംഘടനകളും നൽകുന്ന ദൃശ്യ-ശ്രവ്യ പരസ്യങ്ങൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷന്‍ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം. ജില്ലാതലത്തിൽ സ്ഥാനാർത്ഥികളും വ്യക്തികളും നൽകുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരമാണ് വേണ്ടത്. നിർദ്ദിഷ്ട ഫോമിൽ തയാറാക്കിയ അപേക്ഷയോടൊപ്പം സിഡിയിലോ പെൻഡ്രൈവിലോ അംഗീകാരം കിട്ടേണ്ട ഉള്ളടക്കവും സമർപ്പിക്കണം.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ആയിരിക്കും ജില്ലാതല കമ്മിറ്റിയുടെ അധ്യക്ഷൻ. ഇതു സംബന്ധിച്ച അപ്പീലുകൾ പരിശോധിക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.

അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷിക്കുന്നതിനുള്ള മീഡിയ മോണിറ്ററിംഗ് സെല്ലും ചീഫ് ഇലക്ടറൽ ഓഫീസിൽ പ്രവർത്തിക്കുന്നുണ്ട്. വ്യാജ വാർത്തകൾ, പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ വാർത്തകൾ, പെയ്ഡ് ന്യൂസുകൾ എന്നിവ കണ്ടെത്തിയാൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.