ലോക്സഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളില്‍ 121 പേർ നിരക്ഷരർ, എഡിആർ റിപ്പോർട്ട്

Jaihind Webdesk
Friday, May 24, 2024

 

ന്യൂഡല്‍ഹി: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥികളിൽ 121 പേർ നിരക്ഷരരെന്ന് റിപ്പോർട്ട്. 359 പേർ പഠിച്ചത് അഞ്ചാം ക്ലാസ് വരെ മാത്രം. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) വിശകലനം ചെയ്ത് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 8,360 സ്ഥാനാർത്ഥികളിൽ 8,337 പേരുടെ വിദ്യാഭ്യാസ യോഗ്യത വിശകലനം ചെയ്താണ് എഡിആർ ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇതില്‍ 121 പേർ നിരക്ഷരരാണ്. 359 പേർ പഠിച്ചത് അഞ്ചാം ക്ലാസ് വരെ മാത്രമാണ്. 647 സ്ഥാനാർത്ഥികൾ എട്ടാംക്ലാസ് വരെ മാത്രം പഠിച്ചവരാണ്. 12-ാം ക്ലാസ് പാസായതായി 1,303 സ്ഥാനാർത്ഥികൾ സത്യവാങ്മൂലം നൽകി. 1,502 പേർ ബിരുദധാരികളാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം 198 സ്ഥാനാർത്ഥികൾക്ക് ഡോക്ടറേറ്റുണ്ട്.

തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിൽ, അഞ്ചാം ക്ലാസിനും 12-ാം ക്ലാസിനും ഇടയിലാണ് വിദ്യാഭ്യാസ യോഗ്യതയെന്ന് 639 സ്ഥാനാർത്ഥികൾ വ്യക്തമാക്കിയിരുന്നു. 36 പേർ തങ്ങൾ നിരക്ഷരരാണെന്ന് വ്യക്തമാക്കിയപ്പോൾ നാലുപേർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിരുന്നില്ല. രണ്ടാം ഘട്ടത്തിൽ 37 പേർ തങ്ങൾക്ക് അക്ഷരാഭ്യാസമുണ്ടെന്ന് അറിയിച്ചു. എട്ടുപേർ നിരക്ഷരരാണെന്ന് വ്യക്തമാക്കിയപ്പോൾ മൂന്നുപേർ തങ്ങളുടെ വിദ്യാഭ്യാസയോഗ്യത വെളിപ്പെടുത്തിയില്ല. മൂന്നാം ഘട്ടത്തിൽ 19 നിരക്ഷര സ്ഥാനാർത്ഥികളാണുള്ളത്. നാലാം ഘട്ടത്തിൽ ജനവിധി തേടിയവരിൽ 26 സ്ഥാനാർത്ഥികൾ തങ്ങൾ നിരക്ഷരരാണെന്ന് വ്യക്തമാക്കുന്നു.

അഞ്ചാം ക്ലാസിനും 12-ാം ക്ലാസിനും ഇടയിൽ വിദ്യാഭ്യാസ യോഗ്യതയുള്ള 293 പേരാണ് അഞ്ചാം ഘട്ടത്തിലുള്ളത്. അഞ്ചുപേർ നിരക്ഷരരാണ്. രണ്ട് സ്ഥാനാർത്ഥികൾ അവരുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിട്ടില്ല. ആറാം ഘട്ടത്തിലെ സ്ഥാനാർത്ഥികളിൽ 13 സ്ഥാനാർത്ഥികളാണ് നിരക്ഷരർ. ഏഴാം ഘട്ടത്തിൽ അഞ്ചാം ക്ലാസിനും 12-ാം ക്ലാസിനും ഇടയിൽ വിദ്യാഭ്യാസ യോഗ്യതയുള്ള 402 സ്ഥാനാർത്ഥികളാണുള്ളത്. 24 പേർ നിരക്ഷരരാണ്. രണ്ട് സ്ഥാനാർത്ഥികൾ അവരുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിട്ടില്ല.