തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിംഗ്. അവസാനഘട്ട വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികള്‍. നിശബ്ദപ്രചാരണമായ ഇന്ന് മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
പതിനെട്ടാം ലോക്സഭയിലേക്കുള്ള നിർണ്ണായക വിധിയെഴുത്തിനാണ് കേരളം നാളെ ഒരുങ്ങുന്നത്. രാവിലെ മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. 2,77, 49,159 വോട്ടർമാരാണ് ആകെ കേരളത്തിലുളളത്. 25,231 ബൂത്തുകളാണ് സജീകരിച്ചിരിക്കുന്നത്. കനത്ത സുരക്ഷ ഒരുക്കുന്നതിനായി 62 കമ്പനി കേന്ദ്രസേനയെ അധികമായും വിന്യസിച്ചിട്ടുണ്ട്. രാവിലെ 7 മണിയോട് ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് എത്തും. പരസ്യ പ്രചാരണം അവസാനിക്കുമ്പോള്‍ വലിയ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥികള്‍. വിട്ടുപോയവരെ ഒരിക്കൽ കൂടി കണ്ടും കണ്ടവരെ ഒരിക്കല്‍ കൂടി സന്ദർശിച്ചും വോട്ടുറപ്പിക്കുകയാണ് സ്ഥാനാർത്ഥികള്‍.