ന്യൂഡല്‍ഹി: വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 89 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. ഈ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കും.
ഏപ്രിൽ 19 ന് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിന് ശേഷം ആദ്യ ഘട്ടത്തിൽ 109 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 1210 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കേരളത്തിലെ 20 മണ്ഡലങ്ങളിലെ 2.76 കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ആകെ 194 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.
കർണാടകത്തിലെ ഉഡുപ്പി ചിക്മഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുംകൂർ, മാണ്ഡ്യ, മൈസൂരു എന്നിങ്ങനെ 14 മണ്ഡലങ്ങളിലും അസമിലെ കരിംഗഞ്ച്, സിൽച്ചാർ, തുടങ്ങിയ മണ്ഡലങ്ങളിലും 26ന് വോട്ടെടുപ്പ് നടക്കും. ബിഹാറിലെ കിഷൻഗഞ്ച്, കതിഹാർ, പുർണിയ, മധ്യപ്രദേശിലെ ദാമോഹ്, ഖജുരാഹോ, മഹാരാഷ്ട്രയിലെ ബുൽദാന, അകോല, അമരാവതി, വാർധ തുടങ്ങിയ മണ്ഡലങ്ങളും 26ന് ജനവിധി രേഖപ്പെടുത്തും.
മണിപ്പൂരിലെ ഔട്ടർ മണിപ്പൂർ, ത്രിപുരയിലെ ത്രിപുര ഈസ്റ്റ്, രാജസ്ഥാനിലെ അജ്മീർ, പാലി, ജോധ്പുർ തുടങ്ങിയ മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തും. ഉത്തർപ്രദേശിലെ അംറോഹ, മീറത്ത്, ഗാസിയാബാദ്, ജമ്മു-കശ്മീരിലെ ജമ്മു എന്നിവിടങ്ങളിലും 26 നാണ് വോട്ടെടുപ്പ്.