ഞായറാഴ്ച ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം : നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി പൊതുയോഗം ; പങ്കെടുത്തത് 100ലേറെ പേർ

Jaihind Webdesk
Monday, September 6, 2021

പത്തനംതിട്ട : ഞായറാഴ്ച ലോക്ക്ഡൗണ്‍ ലംഘിച്ച് പൊതുയോഗം സംഘടിപ്പിച്ച് സിപിഎം. തിരുവല്ല കുറ്റൂര്‍ വടശേരിഭാഗത്താണ് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി പൊതുയോഗം ചേര്‍ന്നത്. പുതിയ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിന്‍റെ  ഭാഗമായി ചേര്‍ന്ന യോഗത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ തോമസും ജില്ലാ സെക്രട്ടറിയുമടക്കം പങ്കെടുത്തിരുന്നു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് ഒരുവശത്ത് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുമ്പോഴാണ് സിപിഎം തന്നെ ലോക്ക്ഡൗണ്‍ ലംഘനത്തിന് നേതൃത്വം നല്‍കിയത്. അതിനിടെ കുറ്റൂരില്‍ സ്വീകരണ പരിപാടി നടന്നതായി സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു രംഗത്തെത്തി. എന്നാല്‍ പൊതുയോഗം നടന്നില്ലെന്നും ആള്‍ക്കൂട്ടമുണ്ടായില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ദൃശ്യങ്ങളില്‍ ആള്‍കൂട്ടം വ്യക്തമാണല്ലോ എന്ന ചോദ്യത്തോട് ഉദയഭാനു പ്രതികരിച്ചില്ല.