ലോക്ഡൗൺ ലംഘിച്ച് ഭാഗവതപാരായണം; ബിജെപി സംസ്ഥാന നേതാവ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റില്‍

Jaihind News Bureau
Friday, May 8, 2020

തൃശൂർ എരുമപ്പെട്ടിയിൽ ലോക്ഡൗൺ ലംഘിച്ച് ഭാഗവത പാരായണം നടത്തിയതിന് നൂറോളം പേർക്കെതിരെ പൊലീസ് കേസ് എടുത്തു. സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരിയും ബിജെപി സംസ്ഥാന സമിതി അംഗവും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായി.

എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടു മുറി നരസിംഹമൂർത്തി ക്ഷേത്രത്തിലായിരുന്നു ലോക്ഡൗൺ ലംഘനം. രാവിലെ 7.30 ന് തുടങ്ങിയ ഭാഗവതപാരായണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലേറെ പേർ പങ്കെടുത്തിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ട് പകുതിയിൽ ഏറെ പേർ ഓടി രക്ഷപ്പെട്ടു. ലോക് ഡൗൺ നിയമം ലംഘിച്ചതിന് കേസെടുത്ത പൊലീസ് ക്ഷേത്രത്തിലെ പൂജാരി ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവരിൽ ബി ജെ പി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രനും ഉൾപ്പെടുന്നു. കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരെ കേസ് എടുത്തിട്ടുമുണ്ട്.  ലോക്ഡൗൺ തുടങ്ങിയിട്ടും ക്ഷേത്രം അടച്ചിരുന്നില്ല.
ദിവസവും പൂജയ്ക്ക് വിശ്വാസികളെത്തിയിരുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ളതാണ്  ക്ഷേത്രം.