ലോക്ഡൗണ്‍: ബംഗളൂരുവില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ക്ക് സഹായവുമായി ഉമ്മന്‍ ചാണ്ടി; തുണയായി ജയ്ഹിന്ദ് ടിവിയിലെ ‘പങ്കുവെക്കാം ആശങ്കകള്‍’ പരിപാടിയും

Jaihind News Bureau
Friday, April 10, 2020

ലോക്ഡൗണിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ക്ക് സഹായവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബെംഗളൂരുവില്‍ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന മുണ്ടക്കയം സ്വദേശി ജോര്‍ജ് സിറിയക്കും കണ്ണൂര്‍ സ്വദേശി ജോബിന്‍ ജോസഫുമാണ് ഉമ്മന്‍ചാണ്ടിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയത്. ജയ്ഹിന്ദ് ടിവിയിലെ പങ്കുവെക്കാം ആശങ്കകള്‍ എന്ന പരിപാടിയിലൂടെയാണ് ഇരുവരും ഉമ്മന്‍ചാണ്ടിയോട് സഹായം അഭ്യര്‍ത്ഥിച്ചത്.

ബംഗളൂരു കെ.ആര്‍ പുരത്ത് താമസിക്കുന്ന ഇരുവരും ഭക്ഷണം പാകം ചെയ്യുന്നതിനായി കരുതിയിരുന്ന പാചകവാതക സിലിണ്ടറും അവശ്യവസ്തുക്കളും തീര്‍ന്നവിവരം പരിപാടിയിലൂടെ ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയായിരുന്നു. പരിപാടിക്ക് ശേഷം ഉമ്മന്‍ ചാണ്ടി തന്നെ ജോര്‍ജിനെ വിളിച്ച് കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു.

തുടര്‍ന്ന് അടുത്ത ദിവസം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കര്‍ണാടക സ്വദേശി പാചകവാതക സിലിണ്ടറും ആവശ്യത്തിന് ഭക്ഷണസാധനങ്ങളും ഇരുവരും താമസിക്കുന്നിടത്ത് എത്തിച്ചുനല്‍കുകയായിരുന്നു. അടുത്ത ദിവസം ഇരുവര്‍ക്കും വീണ്ടും ഉമ്മന്‍ചാണ്ടിയുടെ വിളിയെത്തി. ആശങ്കവേണ്ടെന്നും സഹായത്തിനായി എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.