ആലപ്പുഴയിലെ മരണം ആലംബഹീനർ നേരിടുന്ന അവഗണനയുടെയും കൊട്ടിഘോഷിക്കപ്പെടുന്ന പരിചരണത്തിന്‍റേയും പൊള്ളത്തരം വ്യക്തമാക്കുന്നു: എം.ലിജു

Jaihind News Bureau
Tuesday, March 31, 2020

 

 

കായംകുളം പത്തിയൂരില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന മധ്യവയസ്കന്‍ മരിച്ചത് ആലംബഹീനർ നേരിടുന്ന അവഗണനയുടെയും കൊട്ടിഘോഷിക്കപ്പെടുന്ന പരിചരണത്തിന്റെയും പൊള്ളത്തരം വ്യക്തമാക്കുന്നുവെന്ന് ഡിസിസി പ്രസിഡന്‍റ് എം.ലിജു. ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് പഞ്ചായത്തും ആരോഗ്യവകുപ്പും അധികാരികളും പുലർത്തുന്ന കുറ്റകരമായ നിസ്സംഗതയാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ചികിത്സകിട്ടാതെയാണ് ശ്രീ രഘുനാഥൻ മരിച്ചതെങ്കിൽ അത് മാപ്പർഹിക്കാത്ത തെറ്റാണ്.
മരിച്ചു മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രാദേശിക ഭരണകൂടം അറിയാത്തതും ഗുരുതരമായ വീഴ്ച തന്നെ.  ഒറ്റക്ക് താമസിക്കുന്ന വ്യക്തികൾക്കും വൃദ്ധർക്കും കൂടുതൽ മേൽനോട്ടവും പരിചരണവും കൊടുക്കാൻ ഈ ദാരുണ സംഭവം പ്രേരണ ആകട്ടെ-ലിജു കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

എം.ലിജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

കായംകുളം നിയോജകമണ്ഡലത്തിലെ പത്തിയൂരിൽ പാറയ്ക്കാട്ടു പടീറ്റതിൽ രഘുനാഥന്റെ മരണം ആലംബഹീനർ നേരിടുന്ന അവഗണനയുടെയും കൊട്ടിഘോഷിക്കപ്പെടുന്ന പരിചരണത്തിന്റെയും പൊള്ളത്തരം വ്യക്തമാക്കുന്നു.

ഇന്ന് കായംകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ഭക്ഷണ വിതരണ ചുമതലക്കാരിലൊരാളുമായ ശ്രീ എ ജെ ഷാജഹാന് മാന്നാറിൽ നിന്നും ഒരു കോൺഗ്രസ് പ്രവർത്തകന്റെ ഫോൺ സന്ദേശം ലഭിച്ചു, അദ്ദേഹത്തിന്റെ ബന്ധുവായ രഘുനാഥൻ പത്തിയൂരിൽ ഒറ്റയ്ക്ക് താമസിക്കയാണ്, ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല അദ്ദേഹത്തിന് ഭക്ഷണം എത്തിച്ചു നൽകണമെന്നായിരുന്നു അഭ്യർത്ഥന. ശ്രീ ഷാജഹാൻ പ്രാദേശിക പ്രവർത്തകരെ വിവരം അന്വേഷിക്കാനും ഭക്ഷണം നൽകാനും ചുമതലപ്പെടുത്തി. യൂത്ത് കോൺഗ്രസ് നേതാക്കളായ ശ്രീ ശംഭു പ്രസാദും വിശാഖ്‌ പത്തിയൂരും അവിടെയെത്തിയപ്പോൾ ഗേറ്റ് അട ച്ചിട്ടിരിക്കുന്നതായും വീടിനുള്ളിൽ ആരോ വീണു കിടക്കുന്നതായും കാണപ്പെട്ടു. വിവരം അവർ പഞ്ചായത്തിലെത്തി അറിയിച്ചെങ്കിലും ഗൗരവപൂർണമായ സമീപനമല്ല ഉണ്ടായത്. അവർ അറിയിച്ചതിന തുടർന്നു ശ്രീ ഷാജഹാനും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സൽമാനും മറ്റ് ആളുകളും പത്തിയൂരിലെത്തി രഘുനാഥന്റെ വീട്ടിൽ എത്തി കയറി നോക്കിയപ്പോൾ ശ്രി രഘുനാഥന്റെ മരിച്ചുചീർത്ത മൃതദേഹമാണ് കണ്ടത്. അവർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി

ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചു പഞ്ചായത്തും ആരോഗ്യവകുപ്പും അധികാരികളും പുലർത്തുന്ന കുറ്റകരമായ നിസ്സംഗതയാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
മരണ കാരണം പോസ്റ്മോർട്ടത്തിലൂടെയാണ് വ്യക്തമാകേണ്ടത്, എങ്കിലും ആഹാരമില്ലാതെ ചികിത്സകിട്ടാതെയാണ് ശ്രീ രഘുനാഥൻ മരിച്ചതെങ്കിൽ അത് മാപ്പർഹിക്കാത്ത തെറ്റാണ്.
മരിച്ചു മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രാദേശിക ഭരണകൂടം അറിയാത്തതും ഗുരുതരമായ വീഴ്ച തന്നെ.
ഒറ്റക്ക് താമസിക്കുന്ന വ്യക്തികൾക്കും വൃദ്ധർക്കും കൂടുതൽ മേൽനോട്ടവും പരിചരണവും കൊടുക്കാൻ ഈ ദാരുണ സംഭവം പ്രേരണ ആകട്ടെ.

എം ലിജു