തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ തലസ്ഥാനത്തെ സാധാരണക്കാര്‍ക്ക് കരുതലേകി കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ എം.എ ലത്തീഫ്. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട റസിഡന്‍സ് അസോസിയേഷനുമായി സഹകരിച്ച് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കും ദിവസവേതന തൊഴിലാളികള്‍ക്കുമായി 2000ത്തോളം ഭക്ഷ്യക്കിറ്റുകളാണ് അദ്ദേഹം എത്തിച്ചുനല്‍കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ശനിയാഴ്ച ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
‘കൊവിഡ് ജാഗ്രതയുടെ ഭാഗമായി സാമൂഹിക അകലം പാലിച്ച് മൂന്ന് പേരടങ്ങുന്ന സംഘം വീടുകളിലെത്തിയാണ് ഭക്ഷ്യക്കിറ്റുകള്‍ കൈമാറുന്നത്. ഭക്ഷ്യക്കിറ്റിനര്ഹരായ കുടുംബങ്ങളെ ആദ്യം കണ്ടെത്തുകയും അവര്‍ക്ക് ടോക്കണ്‍ കൈമാറുകയും ചെയ്യും. തൊട്ടടുത്ത ദിവസം ഭക്ഷണക്കിറ്റുകള്‍ കൈമാറും’- ലത്തീഫ് പറയുന്നു.
ഭക്ഷ്യക്കിറ്റിനാവശ്യമായ തുക സുഹൃത്തുക്കളും അഭ്യുദയകാംഷികളുമാണ് നല്‍കുന്നത്. തുക നേരിട്ട് സ്വീകരിക്കാതെ വിതരണക്കാര്‍ക്ക് കൈമാറും. അവരില്‍ നിന്നും ഭക്ഷ്യക്കിറ്റുകള്‍ ശേഖരിക്കുകയും ജനങ്ങള്‍ക്ക് കൈമാറുകയും ചെയ്യും. ലത്തീഫ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ആളുകളിലേക്ക് വരും ദിവസങ്ങളില്‍ സഹായമെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.