സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപനം വൈകുന്നത് ആശങ്കയുണ്ടാക്കുന്നു: എ.കെ.ആന്‍റണി

Jaihind News Bureau
Saturday, May 2, 2020

ന്യൂഡല്‍ഹി: സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപനം വൈകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി. ഈ സ്ഥിതി തുടര്‍ന്നാല്‍ പട്ടിണിയും ദാരിദ്യവും ഇനിയും വര്‍ദ്ധിക്കുകയും പട്ടിണി മരണങ്ങള്‍ കൂടുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ലോക്ഡൗണിനെ കുറിച്ച് തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് മാത്രമാണ്. ലോക്ഡൗണ്‍ നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം എല്ലാവരും അനുസരിക്കണം. പക്ഷേ ലോക്ഡൗണ്‍ നീളുംതോറും ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും ദുരിതങ്ങള്‍ അതിരൂക്ഷമാകുകയാണ്. അതുകൊണ്ട് തന്നെ ലോക്ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും സഹായമാകുന്നതരത്തില്‍ സാമ്പത്തിക ആശ്വാസ പാക്കേജ് അടിയന്തിരമായി പ്രഖ്യാപിക്കണം. മാത്രമല്ല, പാക്കേജ് ഓരോരുത്തര്‍ക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും എ.കെ.ആന്‍റണി അഭിപ്രായപ്പെട്ടു.

ലോക്ഡൗണ്‍ നീട്ടുന്നതിന്‍റെ ഫലമായി ക്യാന്‍സര്‍ രോഗികള്‍, വൃക്ക രോഗികള്‍, കിഡ്‌നി രോഗികള്‍, ഹൃദ്രോഗികള്‍ തുടങ്ങിയവര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍മാരുടെ ചികിത്സ തുടര്‍ന്നും കിട്ടുന്നതില്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഇതിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ നിലവിലെ രോഗികളുടെ മരണത്തിന് വരെ കാരണമാകും. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് ഇതിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നും എ.കെ. ആന്‍റണി ആവശ്യപ്പെട്ടു.