ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി; ജൂൺ 8-ന് ശേഷം വിപുലമായ ഇളവുകൾ അനുവദിച്ചേക്കും

Jaihind News Bureau
Saturday, May 30, 2020

രാജ്യത്ത് ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. കണ്ടെയ്ൻമെന്‍റ് സോണുകളിൽ 30 വരെ നിയന്ത്രണങ്ങൾ തുടരും. അതേസമയം ജൂൺ എട്ടു മുതൽ വിപുലമായ ഇളവുകൾ രാജ്യത്ത് അനുവദിക്കും. മറ്റിടങ്ങളിൽ ഘട്ടം ഘട്ടമായി ഇളവുകൾ നൽകും.

രാജ്യ വ്യാപകമായി തീവ്രബാധിത മേഖലകളിൽ മാത്രം ലോക്ക്ഡൗൺ ഒരു മാസം കൂടി നീട്ടി കേന്ദ്രസർക്കാർ ഉത്തരവിറക്കി . ജൂൺ 30 വരെ കണ്ടെയ്ൻമെൻറ് സോണുകളിൽ മാത്രം കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് ലോക്ക്ഡൗൺ ഉത്തരവിൽ കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. കണ്ടെയ്ൻമെൻറ് സോണുകളല്ലാത്ത പ്രദേശങ്ങളിൽ ജൂൺ 8-ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാമെന്നും ഉത്തരവിൽ പറയുന്നു.

പുറത്തിറങ്ങുന്നവർക്ക് മാസ്‌ക് നിർബന്ധമാണ്, കുട്ടികളും പ്രായമായവരും പുറത്തിറങ്ങാൻ പാടില്ല. സാമൂഹിക അകലം കർശനമായി പാലിക്കണം. പൊതുപരിപാടികൾക്ക് അനുമതി ഇല്ല. വിവാഹചടങ്ങുകളിൽ പരാമാവധി 50 പേർക്കും, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം. പൊതു ഇടങ്ങളിലും, ഓഫീസുകളിലും ശുചിത്വം കൃത്യമായി പാലിക്കണം. അതേസമയം, ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറൻറുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ ജൂൺ 8 മുതൽ തുറന്ന് പ്രവർത്തിക്കും. ഹോട്ടലുകളിൽ ജൂൺ 8 മുതൽ ഇരുന്ന് ഭക്ഷണം കഴിക്കാം.

കണ്ടെയ്ൻമെൻറ് സോണുകളല്ലാത്ത ഇടങ്ങളിൽ മാത്രമാണ് ഈ ഇളവുകളുണ്ടാവുക. ആദ്യഘട്ടത്തിലാണ് ഈ ഇളവുകളുകൾ. രണ്ടാംഘട്ടത്തിൽ സ്‌കൂളുകൾ അടക്കം തുറക്കാനാണ് ആലോചന. ഇക്കാര്യം സംസ്ഥാനങ്ങളോട് ആലോചിച്ചാകും തീരുമാനം കൈക്കൊള്ളുക. അതേസമയം, സംസ്ഥാനങ്ങൾ കടന്നും, ജില്ലകൾ കടന്നുമുള്ള യാത്രകൾക്ക് ഇളവുകൾ അനുവദിച്ചു. മുൻകൂർ പാസോ, ഇ പാസോ ഇനി മുതൽ അവശ്യമില്ല. സാഹചര്യം മനസിലാക്കി സംസ്ഥാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താം. അതേസമയം, രാത്രികാല യാത്ര നിരോധനം തുടരും. രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാണ് നിരോധനം. നിലവിൽ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയായിരുന്നു.

അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും. അതേസമയം മെട്രോ റെയിൽ സർവ്വീസ് മൂന്നാം ഘട്ടത്തിൽ ആരംഭിക്കും. ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.