രാജ്യം മൂന്നാം ലോക്ഡൗണിലേക്ക് കടക്കുമ്പോൾ അതിന്‍റെ സാമ്പത്തിക സാമൂഹിക ആഘാതം അനുഭവിക്കുകയും വലിയ ദുരിതത്തിലാവാനും പോകുന്നത് രാജ്യത്തെ അസംഘടിത തൊഴിലാളികളും കർഷകരും ഉൾപ്പെടുന്ന അടിസ്ഥാന വർഗമാണെന്നും അവരെ സംരക്ഷിക്കാനും നിത്യനിദാന തൊഴിലുകൾ കൊണ്ടുമാത്രം ഉപജീവനം കഴിയുന്ന ഇവർക്ക് അടിയന്തര സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് (ഐ) ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം പി.
ദൈനംദിന വേതനം കൊണ്ട് മാത്രം ജീവിക്കുന്ന ലക്ഷകണക്കിന് തൊഴിലാളികളാണ് ഇന്ത്യയിലുള്ളത്. മൂന്നാംഘട്ട ലോക്ഡൗണ്‍
നിമിത്തമായുണ്ടാകുന്ന സാമ്പത്തിക ആഘാതവും വരുമാന നഷ്ടവും അവർക്ക് താങ്ങാനാവാത്ത സാചര്യമാണുള്ളത്. അതിനാൽ തന്നെ രാജ്യത്തെ എല്ലാ അസംഘടിത തൊഴിലാളികൾക്കും ഏറ്റവും ചുരുങ്ങിയത് മാസം 6000 രൂപ എന്ന നിരക്കിൽ ‘ന്യായ്’ പദ്ധതി പോലെ ഒരു അടിസ്ഥാന ജീവന വേതനം അവരുടെ ജൻ ധൻ അക്കൗണ്ടുകളിൽ ഉടനടി നിക്ഷേപിക്കുവാൻ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ഇല്ലാത്ത പക്ഷം രാജ്യം അഭിമുഖീകരിക്കാൻ പോകുന്നത് പാവപ്പെട്ടവരുടെ തുടച്ചുനീക്കലാവുമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി സൂചിപ്പിച്ചു.
ഏപ്രിൽ രണ്ടാം വാരത്തിൽ തന്നെ അന്തർദേശീയ തൊഴിൽ സംഘടന വ്യക്തമാക്കിയത് 40 കോടിയോളം അസംഘടിത മേഖല തൊഴിലാളികൾ കൂടുതൽ ദാരിദ്ര്യത്തിലേക്ക് പതിക്കുകയും ഒപ്പം തന്നെ കോടിക്കണക്കിനു മുഴുവൻ സമയ തൊഴിലുകളുടെ നഷ്ടവും ആഗോള തലത്തിൽ തന്നെ 6 ശതമാനത്തോളം തൊഴിൽ മണിക്കൂറുകളും ഈ വർഷത്തിന്‍റെ രണ്ടാം പാദത്തില്‍ തന്നെ നഷ്ടപ്പെടുകയും ചെയ്യുമെന്നാണ്. ഈ സാഹചര്യം മുൻകൂട്ടികണ്ടുകൊണ്ട് തന്നെ സാമ്പത്തിക ഉത്തേജന, തൊഴിൽ സംരക്ഷണ പാക്കേജുകൾ പ്രഖ്യാപിക്കുകയും വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
ചെറുകിട മധ്യനിര വ്യവസായങ്ങൾക്കും ഈ സാഹചര്യം വലിയ സാമ്പത്തിക ദുരിതമാണ് നൽകുന്നത്. ജി ഡി പിയുടെ 29 ശതമാനത്തോളം സംഭാവന ചെയ്യുന്ന ഈ മേഖലയിൽ 6 കോടിയോളം സ്ഥാപനങ്ങളിലായി 11 കോടി പേരാണ് തൊഴിലെടുക്കുന്നത്. ഏപ്രിൽ മാസത്തിൽ ഇവയിൽ ഒരു സ്ഥാപനം പോലും ഒരു ഷിഫ്റ്റ് പോലും ലോക്ഡൗണ്‍
കാരണം പ്രവർത്തിച്ചിട്ടില്ല. ഈ സ്ഥാപനങ്ങളുടെയും അവിടെയുള്ള തൊഴിലാളികളുടെയും സംരക്ഷണത്തിനായി കോൺഗ്രസ് മുന്നോട്ടു വെച്ച ഒരു ലക്ഷം കോടി രൂപയുടെ വേതന സംരക്ഷണ പാക്കേജ് , ഒരു ലക്ഷം കോടിയുടെ ക്രെഡിറ്റ് ഗ്യാരന്റീ ഫണ്ട് എന്നിവ പ്രഖ്യാപിക്കുകയും ചെറുകിട വ്യവസായ മേഖലയെ നഷ്ടങ്ങളിൽ നിന്ന് കരകയറ്റാൻ കേന്ദ്ര സർക്കാർ സഹായിക്കുകയും വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു.
വിവിധ ലോണുകളുടെ തിരിച്ചടവുകളിൽ നൽകിയ മൂന്നു മാസത്തെ മൊറട്ടോറിയം നൽകിയ നടപടി ഏറ്റവും കുറഞ്ഞത് ഈ സാമ്പത്തിക വർഷത്തേക്ക് എങ്കിലും നീട്ടണണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു. മൂന്നുമാസം കാലാവധി നൽകിയ നടപടി ഇത്തരത്തിൽ നീട്ടിയാൽ മാത്രമേ ഈ അനിശ്ചിത സാഹചര്യത്തിൽ ലോൺ എടുത്തവർക്ക് തിരിച്ചടവിനുള്ള മതിയായ സാവകാശം നേടാൻ സാധിക്കുവെന്നും കൊടിക്കുന്നിൽ സുരേഷ് എം പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.