കൊച്ചി : സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള അനധികൃത കാർബൺ കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ആലുവ എടയപ്പുറത്ത് പ്രവർത്തിക്കുന്ന കാർബൺ ഫാക്ടറിയാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലും പ്രവർത്തിക്കുന്നത്. ഫാക്ടറിയിലെ മാലിന്യം പരിസരവാസികൾക്ക് നിത്യരോഗവും കിണറുകളുടെയും മറ്റും മാലിന്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ പരാതി നൽകിയിട്ടും ഫലമില്ലാത്ത അവസ്ഥയിൽ ജനകീയ സമരസമിതി രൂപീകരിച്ച് സമരം ആരംഭിച്ചിരിക്കുകയാണ് നാട്ടുകാർ.
ദിനംപ്രതി 68 കിലോഗ്രാം കാർബൺ ബ്ലോക്ക് ഉപയോഗിച്ചുകൊണ്ടുള്ള ഈ കമ്പനിയുടെ പ്രവർത്തനം ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, വരുംതലമുറയെത്തന്നെ ബാധിക്കുന്ന തരത്തിലാണ്. കാർബൺ ഉന്നത ഡിഗ്രിയിൽ ചൂടാക്കുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന കാർബൺ വികിരണവും ദുർഗന്ധവും സമീപവാസികളുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. ജലാശയങ്ങൾ മലിനമാകാനും ഇത് കാരണമാകുന്നുണ്ടെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
എടയപ്പുറത്ത് വർഷങ്ങൾക്ക് മുമ്പ് പ്രവർത്തിച്ചിരുന്ന എവറസ്റ്റ് കാർബൺസ് എന്ന ഈ സ്ഥാപനം പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് അടച്ചുപൂട്ടിയിരുന്നു. എന്നാൽ സിപിഎം ഏരിയാ സെക്രട്ടറിയും കമ്പനി ഉടമയുമായ കെ എ ബഷീർ പഞ്ചായത്ത് പ്രസിഡന്‍റായതോടെ അനധികൃതമായി ലൈസൻസ് കരസ്ഥമാക്കി സ്ഥാപനം വീണ്ടും പ്രവർത്തനമാരംഭിക്കാൻ നീക്കം നടത്തിയെങ്കിലും പ്രതിഷേധം ഭയന്ന് ആരംഭിക്കാനായില്ല. തുടർന്നുവന്ന യുഡിഎഫ് ഭരണസമിതി ലൈസൻസ് വീണ്ടും റദ്ദാക്കി. ഇപ്പോൾ കമ്പനിയുടെ പേരിൽനിന്നും കാർബൺസ്- എടുത്തുമാറ്റി എവറസ്റ്റ് കോട്ടിംഗ് ആന്‍ഡ് പേപ്പേഴ്‌സ് എന്ന പേരിലാക്കി വീണ്ടും ലൈസൻസ് നേടി സ്ഥാപനം വീണ്ടും ആരംഭിക്കുകയായിരുന്നു.
പൊലൂഷൻ കൺട്രോൾ ബോർഡിന്റെ പരിശോധനയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരിക്കുന്ന കമ്പനി, വീണ്ടും തുറക്കരുതെന്നും ജനവാസകേന്ദ്രത്തിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിലാണ് പ്രദേശവാസികൾ. സിപിഎം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.