പാർവതി പുത്തനാർ സ്ഥലം ഏറ്റെടുപ്പില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍; സമര പ്രഖ്യാപന കൺവെൻഷൻ വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Monday, July 29, 2024

 

തിരുവനന്തപുരം: പാർവതി പുത്തനാർ വികസനത്തിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പാർവതി പുത്തനാർ സമര സമിതിയുടെ സമര പ്രഖ്യാപന കൺവെൻഷൻ തിരുവനന്തപുരത്ത്
സംഘടിപ്പിച്ചു. സമര സമിതിയുടെ കൺവൻഷൻ മുൻ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു.

പാർവതി പുത്തനാറിലെ ജനങ്ങളെ ജീവിക്കാൻ അനുവദിക്കൂ എന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് നടത്തുന്ന സമരമാണിതെന്ന് വി.എസ്. ശിവകുമാർ പറഞ്ഞു. എംഎൽഎ, കൗൺസിലർ തുടങ്ങിയവർ കളക്ടർ വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നും അവർ പങ്കെടുത്താൽ മാത്രമേ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ഈ സമരത്തിന് എല്ലാ വിധ പിന്തുണയും നൽകുന്നുവെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

അതേസമയം സർക്കാരിൽ നിന്ന് അനുകൂല നടപടി ഉണ്ടാകും വരെ സമരവുമായി മുന്നോട്ടുപോകുമെന്നും കുട്ടികൾ മുതൽ മുതിർന്നവർ വരെ സമരത്തിൽ പങ്കു ചേരുമെന്നും പാർവതി പുത്തനാർ സമരസമിതി കൺവീനർ ബാദുഷ പറഞ്ഞു. ദേശീയ ജലപാതാ വികസനം 300 മീറ്ററിൽ പരിമിതപ്പെടുത്തുക, ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, കെട്ടിടങ്ങൾക്ക് 2024-ലെ ഏറ്റവും ഉയർന്ന സ്ക്വയർ ഫീറ്റ് വില നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമര പ്രഖ്യാപന പരിപാടിയിൽ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.