
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നാളെ നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്. ഇന്ന് രാവിലെ 9 മണി മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് സമയം നിശ്ചയിച്ചിട്ടുള്ളത്.
ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളിലേക്കാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആകെ 36,630 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഈ ഘട്ടത്തില്‍, 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി മൊത്തം 15,432 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, ആകെ 480 പ്രശ്‌നബാധിത ബൂത്തുകളാണ് ഉള്ളത്. ഈ ബൂത്തുകളില്‍ പ്രത്യേക പൊലീസ് സുരക്ഷയും, കൂടാതെ വെബ് കാസ്റ്റിങ്, വീഡിയോ ഗ്രാഫി എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പോളിങ് പ്രക്രിയകള്‍ക്കായി മൊത്തം 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000-ത്തോളം പൊലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.