തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 12 വരെ നീട്ടി. ജൂലൈ 23-ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം പേര് ചേര്‍ക്കാന്‍ 15 ദിവസം മാത്രമാണ് അനുവദിച്ചിരുന്നത്. സാങ്കേതിക തകരാറുകള്‍ കാരണം പലര്‍ക്കും അപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി നീട്ടിയത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ളവര്‍ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.
പുതിയ വോട്ടര്‍ പട്ടികക്കെതിരെ പ്രതിപക്ഷം ‘അബദ്ധ പഞ്ചാംഗം’ എന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു. പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് ആരോപണം. അനീതിപരമായ വാര്‍ഡ് വിഭജനം കാരണം പലര്‍ക്കും വോട്ട് നഷ്ടപ്പെട്ടെന്നും, ഇരട്ട വോട്ട് വ്യാപകമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ വഴിവിട്ട ക്രമക്കേടുകള്‍ നടത്തുകയാണെന്നും ഇത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുമെന്നും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുന്നുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍, ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്ക് മാറ്റല്‍ തുടങ്ങി ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് തുടക്കം മുതല്‍ തന്നെ പല സ്ഥലങ്ങളിലും സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു. അവസാന തീയതി അടുത്തതോടെ ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായി. ഇത് വോട്ടര്‍മാരെ വലിയ പ്രതിസന്ധിയിലാക്കുകയും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ തടസ്സമുണ്ടാക്കുകയും ചെയ്തു.