തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ജൂണ്‍ 6ന്; അന്തിമ പട്ടിക ജൂലൈ 1ന്

Jaihind Webdesk
Saturday, May 25, 2024

 

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയുടെ കരട് ജൂണ്‍ 6ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ നടപടി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ കളക്ടര്‍മാരോട് സംസാരിക്കുകയായിരുന്നു കമ്മീഷണര്‍.

ജൂലൈ 1ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുള്ളത്. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടര്‍പട്ടിക പുതുക്കുക. ഇതിന് മുമ്പ് 2023 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് വോട്ടര്‍പട്ടിക സംക്ഷിപ്ത പുതുക്കല്‍ നടന്നത്.

ഇനി നടക്കുന്ന തദ്ദേശസ്വയംഭരണ നിയോജകമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരമായിരിക്കും നടക്കുക. വോട്ടര്‍പട്ടിക പുതുക്കുന്നതിന് മുന്നോടിയായി നടത്തേണ്ട രാഷ്ട്രീയകക്ഷികളുടെ യോഗം, ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം തുടങ്ങിയവ സംബന്ധിച്ചും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.