
മുട്ടടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അംശു വാമദേവനെ തകര്‍ത്താണ് വൈഷ്ണയുടെ മുന്നേറ്റം. 363 വോട്ട് വൈഷ്ണ നേടി. 231 വോട്ടാണ് അംശു വാമദേവന് ലഭിച്ചത്. നിയമപോരാട്ടത്തിലൂടെ വോട്ടവകാശം പുനഃസ്ഥാപിച്ച് മത്സരിച്ചാണ് വൈഷ്ണ അട്ടിമറിച്ച് വിജയം നേടിയത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം ധനേഷ് കുമാറാണ് വൈഷ്ണക്കെതിരെ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍, വൈഷ്ണയുടെ ഭാഗം കേള്‍ക്കാതെ കോര്‍പറേഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍, നിയമയുദ്ധത്തിലൂടെ വൈഷ്ണ സുരേഷ് വോട്ടവകാശം പുനഃസ്ഥാപിച്ചു. വോട്ട് നീക്കിയ നടപടിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂക്ഷമായ വിമര്‍ശനമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കെതിരെ ഉന്നയിച്ചത്. വൈഷ്ണ ഹാജരാക്കിയ താമസരേഖകള്‍ പരിഗണിക്കാതിരിക്കുകയും, ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ ഏകപക്ഷീയമായി പേര് നീക്കുകയും ചെയ്ത നടപടിക്ക് നീതീകരണമില്ലെന്ന് കമ്മീഷണര്‍ എ. ഷാജഹാന്‍ ഉത്തരവില്‍ വ്യക്തമാക്കി.
ഒരു പ്രത്യേക പ്രദേശത്തെ സാധാരണ താമസക്കാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹതയുണ്ടെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ഉള്‍ക്കൊണ്ടില്ലെന്നും, വോട്ട് നീക്കിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുട്ടട വാര്‍ഡ് ഭാഗം നമ്പര്‍ അഞ്ചിലെ വോട്ടര്‍പട്ടികയിലാണ് പിന്നീട് വൈഷ്ണയുടെ പേര് പുനഃസ്ഥാപിച്ചത്.