
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം ആവേശകരമായ കലാശക്കൊട്ടോടെ സമാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഈ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഞായറാഴ്ച സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി പോലീസിന്റെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യത്തില്‍ വര്‍ണ്ണാഭമായ കലാശക്കൊട്ടുണ്ടായി. ഇനി നിശബ്ദ പ്രചാരണത്തിന്റെ നിര്‍ണ്ണായക മണിക്കൂറുകളാണ്.
ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്‍പത് ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് പോളിങ് സമയം. വോട്ടെടുപ്പ് നടക്കുന്ന ഈ ഏഴ് ജില്ലകളിലും തിങ്കളാഴ്ച രാവിലെ മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. അതേസമയം, രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11-ന് തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് നടക്കുക. ഇരു ഘട്ടങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 13-ന് നടക്കും.