തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും, ഒക്ടോബർ 14 വരെ പേര് ചേർക്കാം

Jaihind News Bureau
Saturday, September 27, 2025

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടർ പട്ടിക തിങ്കളാഴ്ച (സെപ്റ്റംബർ 28) പ്രസിദ്ധീകരിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും ഒക്ടോബർ 14 വരെ അവസരം ലഭിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 14 വരെയാണ് വോട്ടർ പട്ടിക പുതുക്കുന്നതിനും പുതിയ പേരുകൾ ചേർക്കുന്നതിനുമുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ കാലയളവിൽ പൊതുജനങ്ങൾക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലോ, വരണാധികാരിയുടെ ഓഫീസുകളിലോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

വോട്ടർ പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഈ സമയപരിധിക്കുള്ളിൽ തന്നെ സമർപ്പിക്കണം. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25-ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാനും യോഗ്യരായ എല്ലാവർക്കും വോട്ടവകാശം വിനിയോഗിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർത്ഥിച്ചു.

പുതിയ വോട്ടർമാരെ ചേർക്കുന്നതിലൂടെയും നിലവിലുള്ള വിവരങ്ങൾ കൃത്യമാക്കുന്നതിലൂടെയും സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യം.