തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം മികച്ച പോളിംഗോടെ പൂര്‍ത്തിയായി; പോളിംഗ് ശതമാനം 75.85; വയനാട് മുന്നില്‍

Jaihind News Bureau
Thursday, December 11, 2025

 

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിംഗോടെ സമാപിച്ചു. അവസാനമായി പുറത്തുവന്ന കണക്കുകള്‍ പ്രകാരം, മൊത്തം 75.85 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും 70 ശതമാനത്തിലധികം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. പൊതുവേ സമാധാനപരമായിരുന്നു തിരഞ്ഞെടുപ്പ്.

വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം, തൃശ്ശൂര്‍ ജില്ലയിലാണ് പോളിംഗ് ശതമാനം ഏറ്റവും കുറഞ്ഞത്. വടക്കന്‍ ജില്ലകളിലെ രണ്ടാം ഘട്ട പോളിംഗില്‍ കാര്യമായ ആവേശം പ്രകടമായില്ലെങ്കിലും, കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനത്തിന്റെ അടുത്താണ് ഇത്തവണത്തെ ശരാശരി പോളിംഗ് നിലനിര്‍ത്തിയത്. കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ അടക്കമുള്ള നഗര വാര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പ്രതീക്ഷിച്ച അത്ര പോളിംഗ് ശതമാനം ഉയര്‍ത്താന്‍ സാധിച്ചില്ല. തീരദേശ മേഖലകളിലും ഇത്തവണ കനത്ത പോളിംഗ് രേഖപ്പെടുത്തിയില്ല.

പോളിംഗ് ദിനത്തില്‍ നൂറിലേറെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തകരാര്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഈ തകരാറുകള്‍ പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ സാധിച്ചു. പോളിംഗിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള വലിയ അക്രമസംഭവങ്ങളൊന്നും രണ്ടാം ഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.