തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് ഒരുക്കം; കെപിസിസി ലീഡേഴ്‌സ് കോണ്‍ക്ലേവ് ജൂലൈ 15, 16 തീയതികളില്‍

Jaihind Webdesk
Thursday, June 20, 2024

 

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കെപിസിസി ലീഡേഴ്സ് കോണ്‍ക്ലേവ് നടത്താന്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു. ജൂലൈ 15, 16 തീയതികളില്‍ വയനാട് വെച്ച് നടക്കുന്ന കോണ്‍ക്ലേവില്‍ എഐസിസി നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്‍റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങള്‍, പോഷകസംഘടനകളുടെ പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അഞ്ച് സോണുകളുണ്ടാക്കി സംഘടനാ ശാക്തീകരണത്തിന് മുതിര്‍ന്ന നേതാക്കളെയും ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും ചുമതലപ്പെടുത്തും. ഇവര്‍ ജില്ലകളിലെ സംഘടനാ പ്രശ്‌നങ്ങള്‍ പഠിച്ച് 20 ദിവസത്തിനുള്ളില്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനും അവലോകനത്തിനുമായി സംസ്ഥാന-ജില്ലാതല സമിതികള്‍ക്ക് രൂപം നല്‍കാനും നേതൃയോഗത്തില്‍ തീരുമാനമായി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പദ്ധതി വിഹിതവുമായി ബന്ധപ്പെട്ട തുക സമയബന്ധിതമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും കെപിസിസി നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുകളില്‍ കെട്ടിവെക്കുകയാണെന്ന് നേതൃയോഗം ചൂണ്ടിക്കാട്ടി. പദ്ധതിവിഹിതത്തിനുള്ള പദ്ധതികള്‍ കഴിഞ്ഞ ഡിസംബര്‍ 31-നകം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് അനുസരിച്ച് 2023-24ല്‍ പദ്ധതികള്‍ നടപ്പാക്കി ബില്ലുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ചു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികാരണം ഈ ബില്ലുകള്‍ ‘ക്യൂ’ വിലാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മാര്‍ച്ച് 31 കഴിഞ്ഞതോടെ ഈ ബില്ലുകളെല്ലാം സ്പില്‍ ഓവറായി. പദ്ധതിവിഹിതം നിഷേധിക്കുക വഴി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ തള്ളിവിട്ടത്. സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം നല്‍കാതെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.