സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ലഭിക്കാതെ തദ്ദേശസ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍; കോടികള്‍ ചിലവഴിച്ച് കേരളീയവും നവകേരള സദസും നടത്തുന്ന തിരക്കില്‍ സർക്കാർ

Jaihind Webdesk
Monday, November 6, 2023

 

തിരുവനന്തപുരം: കോടികള്‍ പൊടിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളീയവും നവകേരള സദസും ആഘോഷമാക്കുമ്പോള്‍ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ലഭിക്കാതെ പ്രതിസന്ധിയില്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് പദ്ധതിചെലവിന്‍റെ 21 ശതമാനം തുക മാത്രം.

ബജറ്റ് വിഹിതത്തിലെ രണ്ടാം ഗഡുവും കേന്ദ്രവിഹിതവും അനുവദിക്കാത്തതാണ് തദ്ദേശസ്ഥാപനങ്ങളിലെ പ്രതിസന്ധിക്ക് കാരണം. ഏപ്രില്‍, ജൂലൈ, ഡിസംബര്‍ മാസങ്ങളില്‍ മൂന്ന് തുല്യ ഗഡുക്കളായാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം നല്‍കാറുള്ളത്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി അഞ്ചുമാസം മാത്രം ശേഷിക്കെ രണ്ടാം ഗഡുവും അനുവദിച്ചിട്ടില്ല. 7460.65 കോടി രൂപയാണ് ബജറ്റ് വിഹിതം. ഇതില്‍ 1566.91 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. അതായത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് പദ്ധതി ചെലവിന്‍റെ 21 ശതമാനം തുക മാത്രമാണ്.

കേന്ദ്രവിഹിതമായ ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ് ഇനത്തിലെ 651.04 കോടി രൂപയില്‍ ആദ്യ ഗഡു സംസ്ഥാനത്തിന് അനുവദിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ആകെ 106.73 കോടി രൂപയുടെ 4,014 ബില്ലുകളാണ് പണം ലഭിക്കാതെ ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത്. റോഡ് മരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ അനുവദിച്ച തുകയില്‍ പിന്നീട് കുറവ് വരുത്തിയതും തദ്ദേശസ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 85.28 ശതമാനമായിരുന്നു ആകെ പദ്ധതി ചെലവ്.