ഓഗസ്റ്റ് 31 വരെ വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്; മൊറോട്ടോറിയം ഹർജികളില്‍ ഇടക്കാല ഉത്തരവ്

 

ന്യൂഡല്‍ഹി: ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ അക്കൗണ്ടുകൾ രണ്ടു മാസത്തേയ്ക്ക് നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി.  മൊറോട്ടോറിയം നീട്ടി നൽകണമെന്ന ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. പിഴ പലിശ ഇടാക്കുന്നതിൽ ആർ ബി ഐ കൂടുതൽ വ്യക്തത വരുത്തണം.  കേസിൽ സെപ്റ്റംബർ 10ന് കോടതിയിൽ തുടർ വാദം നടക്കും.

ഓഗസ്റ്റ് 31 വരെ കുടിശിക വരുത്തിയവരെ സഹായിക്കുന്ന സമീപനമാണ് സുപ്രീംകോടതി സ്വീകരിച്ചത്. അശോക് ഭൂഷൻ, സുഭാഷ് റെഡി, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് തീരുമാനം. മൊറട്ടോറിയം സംബന്ധിച്ച പൊതുതാല്‍പര്യ ഹർജികളിൽ  സുപ്രീംകോടതിയിൽ വിശദമായി വാദം കേട്ടു.  മൊറട്ടോറിയവും പിഴ പലിശയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

മൊറാട്ടോറിയം പ്രഖ്യാപിക്കുന്നതിന്‍റെ ഗുണം ജനങ്ങൾക്ക് ലഭിക്കണം. ആ ഘട്ടത്തിൽ പലിശയും പലിശയുടെ മേൽ പലിശയും ഈടാക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കും. അതിനാൽ പിഴ പലിശ ഇടാക്കുന്നതിൽ ആർ ബി ഐ കൂടുതൽ വ്യക്തത വരുത്തണം എന്ന് സുപ്രീം കോടതി പറഞ്ഞു. പഴയ മൊറോട്ടോറിയത്തിനു പകരം പുതിയ ആനുകൂല്യങ്ങളടക്കം മൊറോട്ടോറിയം നൽകുന്നത് സംബന്ധിച്ച് ആർ.ബി.ഐയുടെ സർക്കുലറിൽ വിശദീകരിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. കേസിൽ തുടർവാദം സെപ്റ്റംബർ 10ന് നടക്കും.

Comments (0)
Add Comment