ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുന്നതില്‍ ഇന്ന് തീരുമാനം; വൈദ്യുതിമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

Jaihind Webdesk
Thursday, May 2, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി
വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന് കെഎസ്ഇബി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം. ചാക്രിക ലോഡ്ഷെഡിംഗ് ഏർപ്പെടുത്തണമെന്നാണ് കെഎസ്ഇബി സർക്കാരിനോട്
ആവർത്തിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വൈദ്യുതി ഉപഭോഗം കൂടുന്നതിന് അനുസരിച്ച് വിതരണ ശൃഖല നവീകരിക്കാത്തതാണ് പ്രശ്നത്തിന്‍റെ അടിസ്ഥാനകാരണമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

വൈദ്യുതി ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടസപ്പെടുമെന്നാണ് മുന്നറിയിപ്പ്. ലോഡ്ഷെഡിംഗ് കെഎസ്ഇബി ആവശ്യപ്പെടുന്നുണ്ടെങ്കിലും നയപരമായ തീരുമാനം ആയതിനാൽ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളൂ. വേനലിൽ പരമാവധി 5500 മെഗാവാട്ട് വരെയേ പീക്ക് ആവശ്യകത വേണ്ടി വരൂ എന്നായിരുന്നു അനുമാനം. 5800 മെഗാവാട്ട് വരെ താങ്ങാനാവുന്ന സംവിധാനം മാത്രമേ കെഎസ്ഇബിക്കുള്ളൂ. അതിന് മുകളിലേക്ക് പോയാല്‍ ഗുരുതര പ്രതിസന്ധി. പീക്ക് ആവശ്യകത കാരണം അമിത ലോഡ് പ്രവഹിക്കുമ്പോള്‍ ട്രാന്‍സ്ഫോര്‍മറുകള്‍ ട്രിപ്പാകും. ഇതാണ് വൈദ്യുതി തടസത്തിന് കാരണം. അപ്രഖ്യാപിത ലോഡ്ഷെഡിംഗ് എന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ നിയന്ത്രണങ്ങള്‍ക്കുള്ള നീക്കം.