പാലക്കാട്: യൂത്ത് കോൺഗ്രസ് യുവ ചിന്തൻ ശിവിർ നാളെ സമാപിക്കും. ക്യാമ്പ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. എല്ലാകാലവും ഫാസിസ്റ്റുകൾ അരങ്ങു വാഴില്ലെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷനേതാവ് പറഞ്ഞു.
സർക്കാരും സിപിഎം ക്രിമിനലുകളും അടിച്ചമർത്താൻ ശ്രമിച്ചിട്ടും തളരാത്ത സമരവീര്യവുമായി യൂത്ത്കോൺഗ്രസ് മുന്നോട്ടു പോവുകയാണ്. ഇരു സർക്കാരുകൾക്കും എതിരായ സമര പോരാട്ടങ്ങളിൽ യുവാക്കളുടെ ശബ്ദമായി യൂത്ത് കോൺഗ്രസുണ്ട്. കോൺഗ്രസ് ഒരിക്കലും തളർന്നു പോകില്ല. ഒരാൾ പോയാൽ ഒരായിരം പേർ കടന്നുവരും. കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്ര അടിത്തറ ലോകത്ത് മറ്റൊരു പാർട്ടിക്കുമില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. പാർട്ടിക്കുള്ളിലും പുറത്തും തിരുത്തൽ ശക്തിയായി യൂത്ത് കോൺഗ്രസ് നിലകൊള്ളണം. സന്തുലിതമായ വികസനമാണ് നാടിന് വേണ്ടതെന്നും പാരിസ്ഥിതിക വിഷയങ്ങളിൽ യുവാക്കൾ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. കോൺഗ്രസിന് പുതിയ ദിശാബോധം പകർന്ന് യുവാക്കളുടെ താൽപര്യങ്ങളെ കൃത്യമായി ഉയർത്തി കാണിച്ച് യൂത്ത് കോൺഗ്രസ് ശക്തമായി രംഗത്തുണ്ടാകുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
ബെന്നി ബഹനാൻ എംപി, മാത്യു കുഴൽനാടൻ എംഎൽഎ, എഐസിസി അംഗം എം ലിജു, കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാം, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ഭാരവാഹികളായ ശ്രാവൺ റാവു, പുഷ്പലത, വിദ്യാ ബാലകൃഷ്ണൻ, കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ, ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ, തുടങ്ങിയവർ സംസാരിച്ചു.