ഡിഗ്രി പാസാകാതെ പി.ജി ക്ലാസില്‍; പ്രവേശനം റദ്ദ് ചെയ്ത് വി.സിയുടെ ഉത്തരവ്

Jaihind Webdesk
Wednesday, August 29, 2018

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ എൽ.എൽ.എമ്മിന് പ്രവേശനം നേടിയ 5 വിദ്യാർഥികൾ മതിയായ യോഗ്യത ഇല്ലാത്തവരാണെന്ന് തെളിഞ്ഞതിനാൽ അവരുടെ പ്രവേശനം റദ്ദ് ചെയ്യാൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉത്തരവിട്ടു.ഡിഗ്രി പാസാകാതെ പിജിക്ക് പ്രവേശനം നേടിയ എസ്.എഫ്.ഐ നേതാക്കളും എ.ബി.വി.പി നേതാവും ഉൾപ്പെടെ അഞ്ച് വിദ്യാർഥികളുടെ പ്രവേശനമാണ് റദ്ദ് ചെയ്ത് കൊണ്ട് വി.സി ഉത്തരവ് ഇറക്കിയത്.

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എസ്.എഫ്.ഐ നേതാക്കളായ ഹസൻ എം.കെ, മുബഷീർ എന്നിവർ എൽ.എൽ.ബി ഡിഗ്രി പരീക്ഷയിൽ പരാജയപ്പെട്ടിറ്റും എൽ.എൽ.എമ്മിന് പഠിക്കുന്നത് വിവാദമായിരുന്നു.

ഇവരുടെ പഠനം വിവാദമായതിനെ തുടർന്ന് കണ്ണൂർ സർവകലാശാല വി.സി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മുഴുവൻ പി.ജി പ്രവേശനവും പരിശോധിക്കാൻ ഉത്തരവിട്ടു. തുടർന്ന് നടന്ന പരിശോധനയിലാണ് എസ്.എഫ്.ഐ നേതാക്കളായ ഹസൻ, മുബഷീർ, എ.ബി.വി.പി നേതാവ് രഞ്ജിത്, ഇവരെ കൂടാതെ റോഷൻ, ഹരിത എന്നിവർക്ക് പി.ജിക്ക് പഠിക്കാൻ മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയത്.

എൽ.എൽ.ബി ഡിഗ്രി പാസാകാതെ പിജിക്ക് പ്രവേശനം നേടിയ അഞ്ച് പേരെയും
പി.ജിക്ക് പഠിക്കുന്നതിൽ നിന്ന് അയോഗ്യരാക്കാൻ സർവകലാശാല വി.സി ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഉത്തരവിറക്കി. ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്ക് പി.ജിക്ക് പ്രവേശനം നൽകാമെന്ന ഇളവ് ഉപയോഗിച്ചാണ് അഞ്ചു പേരും പാലയാട് ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എൽ.എൽ.എമ്മിന് പ്രവേശനം നേടിയത്. ആദ്യ സെമസ്റ്റർ പൂർത്തിയാക്കുന്നതിന് മുൻപ് ഡിഗ്രി പാസായ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്നായിരുന്നു സർവകലാശാലയുടെ ചട്ടം.

പി.ജി പഠനത്തിന് പ്രവേശനം നേടുന്നവർ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ടാൽ കോഴ്സിൽ നിന്ന് പുറത്താകുമെന്ന സർവകലാശാല നിയമം ലംഘിച്ചുകൊണ്ട് പഠനം തുടരുന്ന സംഭവം വിവാദമായതോടെയാണ് പഠിക്കുന്നതിൽ നിന്ന് അയോഗ്യരാക്കാൻ വി.സി ഉത്തരവിറക്കിയത്.

എസ്.എഫ്.ഐ നേതാക്കളായ മുബഷീറും, ഹസനും യൂണിയൻ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നുണ്ട്. നേതാക്കളെ പഠനത്തിൽ നിന്ന് വിലക്കിയത് എസ്.എഫ്.ഐക്കും എ.ബി.വി.പിക്കും തിരിച്ചടിയാണ്. ഇതിനിടെ മറ്റു ഡിപ്പാർട്ട്മെൻറുകളിലെയും പി.ജി പ്രവേശനം സൂക്ഷ്മമായി പരിശോധിക്കണമെന്ന ആവശ്യവും ശക്തതമാകുന്നുണ്ട്.