‘ദയാവധത്തിന് തയാർ’ ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികള്‍; പെന്‍ഷന്‍ ലഭിക്കാതെ ദുരിതക്കയത്തില്‍ ജീവിതം; ഭീഷണിയുമായി സിപിഎം

Jaihind Webdesk
Friday, February 9, 2024

 

ഇടുക്കി: അടിമാലിയിൽ വീണ്ടും പെൻഷൻ മുടങ്ങിയതിനെതിരെ വൃദ്ധ ദമ്പതിമാരുടെ പ്രതിഷേധം. ആദിവാസി വിഭാഗത്തിൽപ്പെട്ട വികലാംഗയായ ഓമനയും ഭർത്താവ് ശിവദാസനും ആണ് അമ്പലപ്പടിക്ക് സമീപം പഞ്ചായത്ത് അനുവദിച്ചു നൽകിയ പെട്ടിക്കടയ്ക്ക് മുമ്പിൽ ദയാവധത്തിന് തയാറാണെന്ന് ബോർഡ് എഴുതിവെച്ച് പ്രതിഷേധിക്കുന്നത്. ഇതിനിടെ ബോർഡ് നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു.

അടിമാലി കുളമാംകുഴി ആദിവാസി കോളനിയിലെ താമസക്കാരായിരുന്ന ഇവർ വന്യമൃഗശല്യം മൂലം ജീവിതം പ്രതിസന്ധിയിൽ ആയതോടെ പഞ്ചായത്ത് അമ്പലപ്പടിക്ക് സമീപം അനുവദിച്ചു നൽകിയ ഈ പെട്ടിക്കടയിലാണ് താമസം. ആകെയുണ്ടായിരുന്ന ആശ്രയം ഓമനയ്ക്ക് കിട്ടിയിരുന്ന വികലാംഗ പെൻഷനും ശിവദാസന് ലഭിച്ചിരുന്ന വാർധക്യ പെൻഷനും ആയിരുന്നു. ഇത് നിലച്ചതോടെ ജീവിതം വഴിമുട്ടി. മറ്റു മാർഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് ദയാവധത്തിന് തയാർ എന്ന ബോർഡ് എഴുതിവെച്ച് പ്രതിഷേധം ആരംഭിച്ചത്.

കുടുംബത്തിന്‍റെ ദുരവസ്ഥ പുറംലോകം അറിഞ്ഞതോടെ സഹായവുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തി. പെൻഷൻ ലഭിക്കുന്നതുവരെ 1600 രൂപ എല്ലാ മാസവും എത്തിച്ചു നൽകുമെന്ന് യൂത്ത് കോൺഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് എൽദോസ് കടമറ്റം വ്യക്തമാക്കി. കോൺഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റിയും ഇവർക്ക് ഒരു മാസത്തേക്ക് അവശ്യവസ്തുക്കൾ അടങ്ങുന്ന കിറ്റുമായി എത്തി. വയോജനങ്ങളെ ഉൾപ്പെടെ തെരുവിലിറക്കുന്ന സിപിഎം ഗതികേട് അപലപനീയം ആണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

അതേസമയം സിപിഎം പ്രവർത്തകർ എത്തി ആയിരം രൂപ നൽകി ബോർഡ് എടുത്തുമാറ്റാൻ ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. സഹായവുമായി വിവിധ സംഘടനകളും പൊതുപ്രവർത്തകരും എത്തുമ്പോഴും സർക്കാരിൽ നിന്ന് ലഭിക്കേണ്ട പെൻഷൻ കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നിലപാടിലാണ് വൃദ്ധ ദമ്പതിമാർ. അതേസമയം ദമ്പതികളുടെ സമരം അവസാനിപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് സിപിഎം.