തിരുവനന്തപുരം: സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സതീഷ്ബാബു പയ്യന്നൂർ. കഥാകൃത്ത്, നോവലിസ്റ്റ്, മാധ്യമപ്രവർത്തകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ്.
2012ലെ കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് . പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് ജനനം.
കാഞ്ഞങ്ങാട് നെഹ്റു കോളജിലും പയ്യന്നൂരിലെ കോളജിലും പഠിക്കുന്ന കാലത്തുതന്നെ എഴുത്തിൽ സജീവമായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോഡ് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായ് പ്രവർത്തിച്ചിരുന്നു. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു. കേരള ചലച്ചിത്ര അക്കാദമി അംഗമായി പ്രവർത്തിച്ചു. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
കുടുംബം നാട്ടിലേക്ക് പോയതിനാൽ ഫ്ലാറ്റിൽ ഇദ്ദേഹം ഒറ്റക്കായിരുന്നു . ഫോണിൽ വിളിച്ച് എടുക്കാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.