ലക്ഷ്യം മദ്യവർജനം ! എല്‍ഡിഎഫ് സർക്കാരിന്‍റെ കാലത്ത് കേരളത്തില്‍ വിറ്റഴിച്ചത് 65000 കോടിയുടെ മദ്യം

Jaihind News Bureau
Friday, March 12, 2021

 

തിരുവനന്തപുരം: മദ്യവര്‍ജ്ജനമെന്ന അജണ്ടയുമായി അധികാരത്തിലേറിയ ഇടതുസര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വിറ്റഴിച്ചത് 65000 കോടിയുടെ മദ്യം. മഹാപ്രളയം, കൊവിഡ് തുടങ്ങിയ ദുരിതങ്ങള്‍ നേരിട്ട കഴിഞ്ഞരണ്ടു വര്‍ഷം മാത്രം 25000 കോടിയുടെ മദ്യവും കേരളം കുടിച്ചുതീര്‍ത്തു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ 17000 കോടി രൂപയുടെ അധികമദ്യമാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് വിറ്റഴിച്ചതെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 64619 കോടി രൂപയാണ് സംസ്ഥാനം മദ്യത്തിനായി ചെലവഴിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 47,624 കോടിയായിരുന്നു മദ്യവില്‍പന. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 2016-17ല്‍ 12142 കോടിയും 2017-18ല്‍ 12937 കോടിയും 2018-19ല്‍ 14508 കോടിയും മദ്യത്തിനായി ചെലവഴിച്ചു. 2019-20ല്‍ 14700 കോടിയെന്ന റെക്കോര്‍ഡ് വില്‍പനയിലുമെത്തി.

ഇതുകൂടാതെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ മുഴുവന്‍ ബാറുകളും തുറന്ന ഇടതുസര്‍ക്കാര്‍ പുതുതായി 200എണ്ണം അനുവദിക്കുകയും ചെയ്തു. 9 ക്ലബ്ബുകള്‍ക്കും പുതുതായി ബാര്‍ ലേസന്‍സ് നല്‍കുകയും ആറു തവണ മദ്യത്തിന് വിലവര്‍ധിപ്പിക്കുകയും ചെയ്തു.